റൊണാള്‍ഡോയുടെ അല്‍ നസര്‍ നേരിട്ട് വിളിച്ചിട്ടും റയല്‍ സൂപ്പര്‍ താരത്തിന് സൗദി ലീഗ് വേണ്ട
Sports News
റൊണാള്‍ഡോയുടെ അല്‍ നസര്‍ നേരിട്ട് വിളിച്ചിട്ടും റയല്‍ സൂപ്പര്‍ താരത്തിന് സൗദി ലീഗ് വേണ്ട
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th October 2024, 10:27 pm

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം അന്റോണിയോ റൂഡിഗര്‍ സൗദി പ്രോ ലീഗിലേക്കുള്ള ഓഫര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. ലീഗിലെ ടോപ് ടീമുകളായ അല്‍ നസറും അല്‍ ഹിലാലും മുന്നോട്ടുവെച്ച ഓഫറുകള്‍ താരം നിരസിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റൂഡിഗറിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനായിരുന്നു സൗദി ടീമുകളുടെ ശ്രമം. എന്നാല്‍ ജര്‍മന്‍ ഇന്റര്‍നാഷണല്‍ സാന്‍ഡിയാഗോ ബെര്‍ണാബ്യൂ വിടാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് സ്‌കൈ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫ്‌ളോറിയാന്‍ പ്ലെറ്റന്‍ബെര്‍ഗ് പറയുന്നത്.

താരവുമായി ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് നിലവില്‍ റയലിനുള്ളത്. 2026 സമ്മറില്‍ ഫ്രീ ഏജന്റായി മാറുമെന്നതിനാല്‍ 2025ല്‍ മുന്‍ ചെല്‍സി സൂപ്പര്‍ താരത്തെ വില്‍ക്കാന്‍ റയല്‍ മാഡ്രിഡ് തയ്യാറായേക്കും.

എന്നാല്‍ അതുവരെ റൂഡിഗര്‍ റയലില്‍ തന്നെ തുടര്‍ന്നേക്കും.

‘റയല്‍ മാഡ്രിഡിന്റെ അന്റോണിയോ റൂഡിഗര്‍ സൗദിയിലേക്കുള്ള മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നില്ല, പ്രത്യേകിച്ച് വിന്റര്‍ ട്രാന്‍സ്ഫറില്‍. 33 വയസുകാരനായ താരം നിലവില്‍ റയലില്‍ തൃപ്തനാണ്. റയലിന്റെ മികച്ച താരങ്ങളില്‍ ഒരാളുമാണ്.

2026ന് ശേഷവും തന്റെ കരാര്‍ നീട്ടുന്നതുമായി സംബന്ധിച്ച് സെന്റര്‍ ഫോര്‍വാര്‍ഡ് താത്പര്യപ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ കരാറിനെ കുറിച്ചുള്ള ചര്‍ച്ചകളൊന്നും തന്നെയില്ല,’ പ്ലെറ്റന്‍ബെര്‍ഗ് എക്‌സില്‍ കുറിച്ചു.

2022ലാണ് റൂഡിഗര്‍ ചെല്‍സിയില്‍ നിന്നും റയലിലെത്തുന്നത്. ഫ്രീ ട്രാന്‍സ്ഫറായാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നിന്നും സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലേക്ക് കൂടുമാറിയത്. അന്നുതൊട്ട് റയലിനായി 116 മത്സരം കളിച്ച താരം ആറ് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

റയലിനൊപ്പം യുവേഫ ചാമ്പ്യന്‍ഷിപ്പും ലാലിഗ കിരീടവും ഒരിക്കല്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, അല്‍ നസറില്‍ നിന്നും ക്രിസ്റ്റിയാനോയുടെ സഹതാരമായ അയ്‌മെരിക് ലപ്പോര്‍ട്ടയെ സ്വന്തമാക്കാന്‍ റയല്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ ഡിഫന്‍ഡര്‍മാര്‍ പരിക്കില്‍ വലയുന്നതിനാല്‍ പ്രതിരോധ നിരയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് റയല്‍ ലപ്പോര്‍ട്ടെയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

ഡാനി കാര്‍വഹാല്‍, എഡര്‍ മിലിറ്റാവോ, ഡേവിഡ് അലാബ എന്നിവരാണ് നിലവില്‍ പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്.

മാഡ്രിഡ് എക്സ്ട്രായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഫ്രീ ഏജന്റായി നില്‍ക്കവെ താരം റയലുമായി കരാറിലെത്താന്‍ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം സൗദി പ്രോ ലീഗ് തെരഞ്ഞെടുക്കുകയായിരുന്നു.

2023ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുമാണ് ലപ്പോര്‍ട്ടെ അല്‍ നസറിലെത്തുന്നത്. ശേഷം ലോസ് ബ്ലാങ്കോസുമായി ഒരു തരത്തിലുള്ള കോണ്‍ടാക്ടുകളും ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്. മാര്‍ക്കയോടായിരുന്നു അല്‍ നസര്‍ സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്.

‘ഒന്നും തന്നെ ഉണ്ടായിട്ടില്ല, അവര്‍ എന്നെ സമീപിച്ചിട്ടില്ല. സൗദി അറേബ്യയില്‍ എന്റെ കുടുംബവും ചുറ്റുപാടുമായും ഞാന്‍ ഏറെ അകലെയാണ്. ഭാവിയില്‍ യൂറോപ്പിലേക്ക് തന്നെ ചിലപ്പോള്‍ തിരിച്ചുപോയേക്കാം. ഒരു ഓഫര്‍ വന്നാല്‍ അത് ഞാനത് ചിലപ്പോള്‍ പരിഗണിക്കും,’ എന്നായിരുന്നു താരം പറഞ്ഞത്.

ലപ്പോര്‍ട്ടെക്ക് പുറമെ ആര്‍.ബി ലീപ്സീഗിന്റെ കാസ്റ്റെലോ ലുകേബ, പാല്‍മിറസിന്റെ വിടോര്‍ റീസ് എന്നിവരും റയലിന്റെ പരിഗണനയിലുണ്ട്. സമ്മര്‍ ട്രാന്‍സ്ഫറില്‍ കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാതിരുന്ന റയല്‍ ഇപ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ക്കായി ശ്രമിക്കുകയാണ്.

 

Content Highlight: Reports says Real Madrid super star Antonio Rüdiger rejects Saudi Pro League’s offer