Sports News
വന്നുകയറും മുമ്പേ സഹതാരത്തിന് പണിയാകുമോ? എംബാപ്പെയുടെ റയല്‍ പ്രവേശനത്തില്‍ പുതിയ വഴിത്തിരിവ്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 26, 05:36 am
Monday, 26th June 2023, 11:06 am

കിലിയന്‍ എംബാപ്പെയുടെ റയല്‍ മാഡ്രിഡുമായി കരാറിലെത്തുകയാണെങ്കില്‍ സൂപ്പര്‍ താരം ടീം വിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. റയലിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം റോഡ്രിഗോയാണ് എംബാപ്പെയുടെ വരവോടെ ടീം വിടുന്നതിനായി ക്ലബ്ബിനോട് ആവശ്യപ്പെടുക എന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എംബാപ്പെയുടെ വരവോടെ റോഡ്രിഗോയുടെ കാര്യം അനിശ്ചിതത്വത്തിലാകുമെന്നും പിന്നാലെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നിന്നുള്ള വിടവാങ്ങലിലേക്ക് നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എംബാപ്പെ ടീമിലെത്തുന്നതോടെ തന്റെ പ്രാധാന്യവും ഗ്രൗണ്ടില്‍ ലഭിക്കുന്ന സമയവും ഗണ്യമായി കുറയുമെന്നാണ് റോഡ്രിഗോ വിശ്വസിക്കുന്നത്. ഇക്കാര്യം ശ്രദ്ധാപൂര്‍വം പരിഗണിച്ച റോഡ്രിഗോ മറ്റ് ക്ലബ്ബുകളുമായി ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്ന് ക്ലബ്ബിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

 

 

സ്പാനിഷ് വമ്പന്‍മാര്‍ക്കായി മികച്ച പ്രകടനമാണ് റോഡ്രിഗോ കാഴ്ചവെക്കുന്നത്. ഗോളടിച്ചും അടിപ്പിച്ചും റോഡ്രിഗോ റയലിനായി കളത്തില്‍ നിറസാന്നിധ്യമാണ്. ലോസ് ബ്ലാങ്കോസിനായി കളിച്ച 137 മത്സരത്തില്‍ നിന്നുമായി 37 ഗോളും 32 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. 2022-23 സീസണില്‍ മാത്രം 19 ഗോള്‍ നേടുകയും 11 ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

കാര്യങ്ങളിങ്ങനെയാണെങ്കിലും എംബാപ്പെയെ പോലെ ഒരു വേള്‍ഡ് ക്ലാസ് താരം റയലിലെത്തുന്നതോടെ ടീം സമവാക്യങ്ങള്‍ ആപാദചൂഢം മാറിയേക്കും. ടീമിന്റെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പും അതിനനുസരിച്ച് പൊളിച്ചെഴുതേണ്ടി വന്നേക്കും. ഇത് റോഡ്രിഗോക്ക് ഒട്ടും ഗുണകരമാകില്ലെന്നാണ് റിപ്പോര്‍ട്ട്. ടീമിന്റെ പ്രധാനിയായിരുന്ന റോഡ്രിഗോ സെക്കന്‍ഡറി റോളിലേക്ക് മാറിയേക്കുമെന്നാണ് കരുതുന്നത്.

എംബാപ്പെ ക്ലബ്ബിലെത്തിയാല്‍ വിനീഷ്യസ് ജൂനിയറിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന തരത്തില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. എംബാപ്പെ ക്ലബ്ബിലെത്തുന്നതോടെ വിനി ബെഞ്ചിലിരിക്കേണ്ടി വരുമെന്നാണ് അഭ്യൂഹങ്ങളുയര്‍ന്നത്. ഈ വിഷയത്തില്‍ വിനീഷ്യസ് തന്നെ പ്രതികരണവുമായി എത്തിയിരുന്നു.

എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് വരുന്നത് തന്റെ അവസരം നഷ്ടപ്പെടുത്താന്‍ അല്ലെന്നും ക്ലബ്ബിലെ പുതിയൊരു താരമായിട്ടാണ് അദ്ദേഹം സൈന്‍ ചെയ്യുകയെന്നും വിനീഷ്യസ് പറഞ്ഞു.

‘എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് വരികയാണെങ്കില്‍ അതെന്നെ ബെഞ്ചിലിരുത്താന്‍ അല്ല. അവന്‍ ലെഫ്റ്റ് അറ്റാക്കറുമല്ല. എംബാപ്പെ ക്ലബ്ബിലെത്തുക ഒരു പുതിയ സെന്റര്‍ ഫോര്‍വേര്‍ഡ് ആയിട്ടാകും,’ വിനീഷ്യസ് പറഞ്ഞു.

അതേസമയം, മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്‌ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും എംബാപ്പെക്കായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ (1320 കോടി രൂപ) യൂറോയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

സ്പോര്‍ട്സ് മാധ്യമങ്ങളായ മാര്‍ക്കയുടെയും സെന്‍ട്രല്‍ ഡിഫന്‍സ് സൈറ്റിന്റെയും റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരിയില്‍ ലോസ് ബ്ലാങ്കോസ് താരത്തെ സ്വന്തമാക്കുകയും അടുത്ത വര്‍ഷം എംബാപ്പെ റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ കളിക്കുകയും ചെയ്യും.

 

Content Highlight: Reports says Real Madrid star will ask to leave if Kylian Mbappe joins the club