|

അന്ത ഭയം ഇറുക്കണം ഡാ! മെസിയെ ബാഴ്‌സയിലെത്തിക്കാതിരിക്കാന്‍ റയലിന്റെ നീക്കം; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ പി.എസ്.ജിയുടെ സൂപ്പര്‍താരമായ ലയണല്‍ മെസിയെ തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലെത്താതിരിക്കാന്‍ റൈവല്‍സായ റയല്‍ മാഡ്രിഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.

സ്പാനിഷ് റേഡിയോയായ കോപെ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 21 വര്‍ഷത്തെ ബാഴ്‌സയിലെ കരിയറിന് കഴിഞ്ഞ വര്‍ഷമായിരുന്നു ലിയോ വിരാമമിട്ടത്. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് ഫ്രീ ഏജന്റായിട്ടായിരുന്നു അദ്ദേഹം കൂടുമാറിയത്. രണ്ട് വര്‍ഷത്തെ കരാറാണ് അദ്ദേഹത്തിന് പി.എസ്.ജിയുമായുള്ളത്.

മെസിക്ക് ബാഴ്‌സയില്‍ നിന്നും പോകാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ബാഴ്‌സയില്‍ കരാര്‍ നീട്ടാന്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ അദ്ദേഹം ടീം വിടുകയായിരുന്നു. ബാഴ്‌സയില്‍ നില്‍ക്കാന്‍ സാലറി കുറക്കാന്‍ മെസി തയ്യാറായിരുന്നുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

35 വയസുകാരനായ മെസി അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനത്തോലിലോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബാഴ്‌സ അദ്ദേഹത്തെ ടീമിലെത്തികാനുള്ള ശ്രമം ഇതുവരെ വെടിഞ്ഞിട്ടില്ല. മെസിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബാഴ്‌സ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോച്ച് സാവിയും മാനേജര്‍ ലാപോര്‍ട്ടയും ഇക്കാര്യത്തില്‍ പോസിറ്റീവായിട്ടാണ് മറുപടി നല്‍കിയത്.

എന്നാല്‍ റയല്‍ മാഡ്രിഡ് മെസി ബാഴ്‌സയിലെത്തുന്നതിന് തടയിടാന്‍ ശ്രമിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് റേഡിയോയെ ഉദ്ദരിച്ച് സ്‌പോര്‍ട്ട്‌സ്‌കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റയല്‍ ഇക്കാര്യത്തില്‍ ഏത് തരത്തിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്ന് വ്യക്തമല്ല. മെസി ക്യാമ്പ് നൗവില്‍ തിരിച്ചെത്താന്‍ ആഗ്രഹിച്ച് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ അതില്‍ വിജയിക്കുമോ എന്ന് കണ്ടറിയണം.

Content Highlight: Reports says Real Madrid is Trying to prevent Lionel Messi from Joining Barcelona