റയല്‍ മാഡ്രിഡ് രണ്ടും കല്‍പ്പിച്ച് തന്നെ; ജര്‍മനിയുടെ ലോകകപ്പ് ഹീറോയെ റാഞ്ചാനൊരുങ്ങുന്നു
Football
റയല്‍ മാഡ്രിഡ് രണ്ടും കല്‍പ്പിച്ച് തന്നെ; ജര്‍മനിയുടെ ലോകകപ്പ് ഹീറോയെ റാഞ്ചാനൊരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th July 2024, 4:32 pm

ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ മാറ്റ് ഹമ്മല്‍സിനെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് താല്പര്യപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലാ ഗസറ്റെ ഡെല്ലോ പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം റയല്‍ മാഡ്രിഡിന്റെ പ്രതിരോധം കൂടുതല്‍ ശക്തമാക്കാനായി ഹമ്മല്‍സിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്.

ഈ സീസണിലാണ് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഹമ്മല്‍സ് ക്ലബ്ബ് വിട്ടത്. ഡോര്‍ട്മുണ്ടിനായി 508 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 38 ഗോളുകളും 23 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ മുന്നേറാന്‍ ഡോര്‍ട്മുണ്ടിന് സാധിച്ചിരുന്നു. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഡോര്‍ട്മുണ്ടിനെ ചാമ്പ്യന്‍സ് ലീഗിന്റെ കാലാശ പോരാട്ടത്തിലേക്ക് നയിച്ചതില്‍ നിര്‍ണായകമായ പങ്കായിരുന്നു ഹമ്മല്‍സ് നടത്തിയത്. എന്നാല്‍ ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയായിരുന്നു.

അതേസമയം റയല്‍ മാഡ്രിഡിന് പുതിയ സീസണില്‍ ഒരു മികച്ച സെന്‍ട്രല്‍ ബാക്കിനെ കണ്ടെത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കഴിഞ്ഞവര്‍ഷം അവസാനം ഡേവിഡ് അലാബ പരിക്കേറ്റു പുറത്തായിരുന്നു. നിലവില്‍ മൂന്ന് സെന്റര്‍ ബാക്ക് ഓപ്ഷനുകള്‍ മാത്രമേ ലോസ് ബ്ലാങ്ക്‌കോസിന് ഉള്ളൂ.

അന്റോണിയോ റൂഡിഗര്‍, എഡര്‍ മിലിറ്റാവോ, ജീസസ് വല്ലെജൊ എന്നിവരാണ് നിലവില്‍ റയല്‍ മാഡ്രിഡിന്റെ പ്രതിരോധനിരയില്‍ സെന്റര്‍ ബാക്ക് ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ പുതിയൊരു മികച്ച താരത്തെ ടീമില്‍ എത്തിച്ചുകൊണ്ട് പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ആയിരിക്കും റയല്‍ ലക്ഷ്യമിടുക.

നിലവില്‍ ഓഗസ്റ്റ് 14ന് നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ലോസ് ബ്ലാങ്കോസ്. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍സും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്‍ഡയാണ് റയലിന്റെ എതിരാളികള്‍.

 

Content Highlight: Reports Says Real Madrid Interest To Sign Mat Hummels