മോഡ്രിച്ചിന് പകരം ഇനി ഇവന്‍; 'ചെ'യുടെ മടയില്‍ നിന്നും റയലിന്റെ മധ്യനിര കാക്കാന്‍ യുവതാരം; റിപ്പോര്‍ട്ട്
Sports News
മോഡ്രിച്ചിന് പകരം ഇനി ഇവന്‍; 'ചെ'യുടെ മടയില്‍ നിന്നും റയലിന്റെ മധ്യനിര കാക്കാന്‍ യുവതാരം; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th January 2023, 9:20 pm

റയല്‍ മാഡ്രിന്റെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിന് പകരക്കാരനായി വലന്‍സിയയുടെ യുവതാരം ആന്ദ്രേ അല്‍മെയ്ഡയെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

മധ്യനിരയില്‍ ടീമിന്റെ വിശ്വസ്തനായ മോഡ്രിച്ചിനെ ടീമില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാവിയിലേക്ക് ടീമിനെ ഒരുക്കാന്‍ വേണ്ടിയാണ് റയലിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

37ന്റെ ചെറുപ്പത്തിലും മോഡ്രിച്ച് റയലിന്റെ പ്രധാന താരമായി തന്നെ തുടരുകയാണ്. എതിരാളികള്‍ ആരുമാവട്ടെ മധ്യനിരയില്‍ മോഡ്രിച്ചുണ്ടെന്ന ആരാധകരുടെ വിശ്വാസം തന്നെയാണ് റയലില്‍ താരത്തെ പിടിച്ചുനിര്‍ത്തുന്നത്. താരവുമായി ഒരു വര്‍ഷത്തേക്ക് റയല്‍ കരാര്‍ പുതുക്കാനുള്ള അവസാന ഘട്ടത്തിലാണെന്നാണ് ഫിച്ചാജെസ് ഡോട് നെറ്റിന്റെ റിപ്പോര്‍ട്ടുകള്‍.

 

എന്നാല്‍ ഭാവിയിലേക്ക് ടീമിന്റെ ശക്തി ഉറപ്പാക്കാന്‍ മോഡ്രിച്ചിന്റെ പകരക്കാരനെ ഇപ്പോഴേ കണ്ടെത്താനുള്ള ശ്രമത്തിലാണ് റയല്‍. ആ ശ്രമം അവസാനിച്ചതാകട്ടെ ചെ എന്ന വിളിപ്പേരുള്ള വലന്‍സിയയിലും.

വലന്‍സിയയുടെ പോര്‍ച്ചുഗീസ് താരം ആന്ദ്രേ അല്‍മെയ്ഡയെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിക്കുന്നതായി വിവിധ കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

13 മത്സരത്തില്‍ നിന്നും രണ്ട് വീതം ഗോളും അസിസ്റ്റും നേടിയാണ് അല്‍മെയ്ഡ ലാ ലീഗയില്‍ തരംഗമാവുന്നത്. വിറ്റ് ഗൈമേറസില്‍ നിന്നും എട്ട് മില്യണ്‍ യൂറോക്ക് ടീമിലെത്തിയ താരം ഇതിനോടകം തന്നെ സ്റ്റാന്‍ഡ് ഔട്ട് പ്രകടനം വലന്‍സിയക്കായി നടത്തിയിട്ടുണ്ട്.

അടുത്ത വര്‍ഷം റയല്‍ ടീമിലെത്തിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ അല്‍മെയ്ഡയാകുമെന്നും മോഡ്രിച്ചിന് പകരക്കാരനായിട്ടാവും താരം ടീമിലെത്തുകയെന്നും ഇതിനോടകം തന്നെ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

എട്ട് മില്യണിന് വലന്‍സിയ സ്വന്തമാക്കിയ ഈ 22കാരന്റെ ട്രാന്‍സ്ഫര്‍ ഫീസ് പല മടങ്ങ് വര്‍ധിക്കുമെന്ന കാര്യമുറപ്പാണ്.

പല ടീമുകളും ഇതിനോടകം തന്നെ അല്‍മെയ്ഡയെ നോട്ടമിട്ടിട്ടുണ്ട്. എന്നാല്‍ റയലാണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മോഡ്രിച്ച് ടീം വിടുകയാണെങ്കില്‍ താരത്തിന്റെ സ്ഥാനത്തേക്കായാണ് റയല്‍ പോര്‍ച്ചുഗല്‍ താരത്തെ പരിഗണിക്കുന്നതെ്‌നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Content highlight: Reports says Real Madrid identifies the replacement of Luka Modric