സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയുടെയും ഏര്‍ലിങ് ഹാലണ്ടിന്റേയും പേര് വെച്ചുള്ള റയല്‍ മാഡ്രിഡ് ജേഴ്‌സികള്‍ പ്രിന്റ് ചെയ്യുന്നതിന് ആരാധകരെ ക്ലബ്ബ് വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. മറ്റു ടീമില്‍ കളിക്കുന്ന താരങ്ങളുടെ പേരുകളുള്ള ജേഴ്‌സികള്‍ അടിക്കുന്നത് റയല്‍ മാഡ്രിഡ് വിലക്കേര്‍പ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
റയല്‍ മാഡ്രിഡിന്റെ ഔദ്യോഗിക സ്റ്റോറില്‍ നിന്ന് ജേഴ്‌സികള്‍ വാങ്ങുന്ന ആരാധകരോട് മറ്റ് ക്ലബ്ബുകളില്‍ ഉള്ള കളിക്കാരുടെ പേരുകള്‍ നല്‍കില്ലെന്നും എംബാപ്പെയുടെയും ഹാലണ്ടിന്റെയും ജേഴ്സികളാണ് ആരാധകര്‍ പ്രധാനമായും ആവശ്യപ്പെടുന്നതെന്നും എന്നാല്‍ വില്‍പ്പനക്കാര്‍ ഈ ജേഴ്‌സികള്‍ കൊടുക്കാന്‍ തയ്യാറായില്ലെന്നുമാണ് സെര്‍ ഡിപോര്‍ട്ടീവോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇടക്കാലത്ത് ഫ്രഞ്ച് സൂപ്പര്‍താരത്തിനായുള്ള നീക്കം ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എന്നാല്‍ ജനുവരി ആദ്യവാരത്തില്‍ അവസാനമായി ലോസ് ബ്ലാങ്കോസ് താരത്തിനായി ഒരു സര്‍പ്രൈസ് ഓഫര്‍ നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് മാര്‍ക്ക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം നോര്‍വീജിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടിനെ ടീമിലെത്തിക്കാനും ആന്‍സലോട്ടിയും കൂട്ടരും ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഹാലണ്ട് ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ പുതുക്കുകയായിരുന്നു.
എംബാപ്പെയും ഹാലണ്ടും മിന്നും ഫോമിലാണ് ഈ സീസണില്‍ കളിക്കുന്നത്. ഫ്രഞ്ച് വമ്പന്‍മാര്‍ക്കൊപ്പം 21 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഫ്രഞ്ച് സൂപ്പര്‍താരത്തിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്.
മറുഭാഗത്ത് 19 ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് ഏര്‍ലിങ് ഹാലണ്ട് പെപ്പ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ നേടിയിട്ടുള്ളത്.
അതേസമയം ലാ ലിഗയിലെ 18 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 14 വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും അടക്കം 45 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.
Content Highlight: Reports says Real Madrid banned Kylian Mbappe and Erling Haaland jersy.