| Saturday, 12th October 2024, 8:54 am

റയല്‍ മാഡ്രിഡിനും വില്ലനാകാന്‍ റോണോ; സൂപ്പര്‍ പോരാട്ടം അണിയറയിലൊരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത റിയാദ് സീസണില്‍ അല്‍ നസറുമായ സൗഹൃദ മത്സരം കളിക്കാനുള്ള ടീമുകളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡാണ് ഇത്തരത്തില്‍ അല്‍ നസറിനെതിരെ സൗഹൃദ മത്സരം കളിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ടീമുകളിലൊന്ന്.

ജേര്‍ണലിസ്റ്റായ അബ്ദുള്‍ അസീസ് അല്‍-ഒസ്മാനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സൗദിയുടെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ റിയാദ് സീസണിന് മുന്നോടിയായി അല്‍ നസറിന്റെ സൗഹൃദ മത്സരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. അദ്ദേഹമാണ് റയല്‍ മാഡ്രിഡിനെയും ഇത്തരത്തില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള ടീമുകളുടെ പട്ടികയുടെ ഭാഗമാക്കിയത്.

പുതിയ സാന്‍ഡിയാഗോ ബെര്‍ണാബ്യൂ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് റൊണാള്‍ഡോയുടെ അല്‍ നസറും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതകളുണ്ടെന്ന് മാര്‍ക്ക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സീസണിന്റെ അവസാനത്തോടെ 2025ലാണ് ഈ ഉദ്ഘാടനം നടക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് ഈ മാച്ചിനായി കരുക്കള്‍ നീക്കുന്നുണ്ടെന്നും മാര്‍ക്കയുടെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ഒരിക്കല്‍ക്കൂടി കളം പങ്കിടാനുള്ള അവസരമൊരുക്കാന്‍ വേണ്ടിയാണിതെന്നാണ് റിപ്പോര്‍ട്ട്.

റൊണാള്‍ഡോ ഇതുവരെ റയല്‍ മാഡ്രിഡിനെതിരെ നേര്‍ക്കുനേര്‍ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, സൗദി പ്രോ ലീഗ് പോയിന്റ് പട്ടികിയില്‍ അല്‍ നസര്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് സമനിലയുമായി 14 പോയിന്റാണ് ടീമിനുള്ളത്. കളിച്ച ആറ് മത്സരവും വിജയിച്ച അല്‍ ഹിലാലാണ് ഒന്നാമത്. അഞ്ച് ജയവും ഒരു തോല്‍വിയുമായി 15 പോയിന്റോടെ അല്‍ ഇത്തിഹാദ് രണ്ടാമതാണ്.

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിലും അല്‍ നസര്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. അല്‍ ഒറോബക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അല്‍ നസര്‍ ജയിച്ചുകയറിയത്. അല്‍ അലാമിക്കായി സാദിയോ മാനേ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോയും വലകുലുക്കി.

നേരത്തെ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലും താരം റെക്കോഡിട്ടിരുന്നു.

അല്‍ റയ്യാനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 150 വ്യത്യസ്ത ക്ലബ്ബുകള്‍ക്കെതിരെ ഗോള്‍ നേടിയ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. റയലിനെതിരെയും സ്‌കോര്‍ ചെയ്ത് താരം തന്റെ ഗോളടിമേളം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Reports says Real Madrid among clubs considered to play against Cristiano Ronaldo’s Al-Nassr in club friendly

We use cookies to give you the best possible experience. Learn more