| Tuesday, 5th October 2021, 5:30 pm

രാമനും രാവണനുമാകാന്‍ രണ്‍ബീര്‍ കപൂറും ഹൃതിക് റോഷനും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരാണ കഥയായ രാമായണം ബോളിവുഡ് സിനിമയാകുമ്പോള്‍ രാമനും രാവണനുമാകുക രണ്‍ബീര്‍ കപൂറും ഹൃതിക് റോഷനുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍മാതാവ് ജാക്കി ഭാഗ്‌നാനിയുടെ ഓഫീസില്‍ നിന്നും താരങ്ങള്‍ ഇറങ്ങി പോവുന്നത് മാധ്യമങ്ങള്‍ കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

സിനിമാ വാര്‍ത്താ വെബ്‌സൈറ്റായ പിങ്ക്‌വില്ലയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.
രണ്‍ബീര്‍ രാമന്റേയും ഹൃതിക് രാവണന്റേയും കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏറെക്കാലമായി ബോളിവുഡില്‍ ചര്‍ച്ചാ വിഷയമാണ് രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ. ചിത്രത്തില്‍ സീതയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ ഇതുവരെ നായികയെ തീരുമാനിച്ചിട്ടില്ല. രണ്‍ബീര്‍ കപൂറും ഹൃതിക് റോഷനും ആദ്യമായാണ് ഒരുമിച്ച് കൂടുന്നതെന്നും ഇത് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്നുമാണ് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം പകുതിക്ക് ശേഷം ഈ വമ്പന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

സീത, രാമന്‍, രാവണന്‍ എന്നീ പ്രധാന മൂന്ന് കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ അഭിനേതാക്കളെ തീരുമാനിച്ച ശേഷം സിനിമയുടെ പ്രഖ്യാപനം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നതെന്നും രണ്‍ബീറിന്റേയും ഹൃതികിന്റേയും കൂടിക്കാഴ്ച ഇതിന് തുടക്കമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദീപിക പദുക്കോണിനൊപ്പം ഫൈറ്റര്‍ എന്ന ചിത്രത്തിലാണ് നിലവില്‍ ഹൃതിക് റോഷന്‍ അഭിനയിക്കുന്നത്. ‘വാര്‍’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ഫൈറ്ററിന്റേയും സംവിധാനം. രാകേഷ് റോഷന്‍ ഒരുക്കുന്ന കൃഷിന്റെ നാലാം ഭാഗവും ഹൃതികിന്റേതായി പുറത്തിറങ്ങാനുണ്ട്.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര ആണ് രണ്‍ബീറിന്റെ അണിയറയിലുള്ള ചിത്രം. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Reports says Ranbir Kapoor and Hrithik Roshan will act in the movie adaptation of epic Ramayana

We use cookies to give you the best possible experience. Learn more