കൗണ്ടി ക്രിക്കറ്റ് ടീമായ യോര്‍ക്‌ഷെയറിനെ സ്വന്തമാക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്. ഈ ഓഫര്‍ അംഗീകരിക്കപ്പെട്ടാല്‍ ഓവര്‍സീസ് ഓണറുള്ള ആദ്യ കൗണ്ടി ക്രിക്കറ്റ് ടീമായി യോര്‍ക്‌ഷെയര്‍ സി.സി.സി മാറും.
മറ്റ് ഓഫറുകളെ അപേക്ഷിച്ച് 25 മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 260 കോടി രൂപ) വമ്പന്‍ ഓഫറാണ് രാജസ്ഥാന്‍ റോയല്‍സ് മുമ്പോട്ട് വെച്ചിരിക്കുന്നത്. ഇത് ഹെഡിങ്‌ലിക്ക് മേല്‍ രാജസ്ഥാന്‍ റോയല്‍സിന് പൂര്‍ണ അധികാരവും നല്‍കും.
ഇതിനെല്ലാം പുറമെ മെമ്പേഴ്‌സ് ഓണ്‍ലി ക്ലബ്ബ് എന്ന യോര്‍ക്‌ഷെയറിന്റെ 160 വര്‍ഷത്തെ ചരിത്രം കൂടിയാകും ഇതോടെ ഇല്ലാതാകുന്നത്.
ക്ലബ്ബിന്റെ മുന്‍ ചെയര്‍മാനായിരുന്ന കോളിന്‍ ഗ്രേവ്‌സിന്റെ ഫാമിലി ട്രസ്റ്റിന്റെ പേരിലുള്ള 15 മില്യണിന്റെ കടം വീട്ടുന്നതിനായി ന്യൂകാസിലിന്റെ മുന്‍ ഉടമയായ മൈക് ആഷ്‌ലിക്ക് ടീമിനെ കൈമാറാന്‍ ആലോചിക്കുന്നതായി മെയില്‍ സ്‌പോര്‍ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് പുറമെ വിവിധ ഐ.പി.എല്‍ ടീമുകളില്‍ നിന്നും സൗദി രാജകുമാരനായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദില്‍ നിന്നും പണം കടം വാങ്ങുന്നതിനെ കുറിച്ചും യോര്‍ക്‌ഷെയര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
രാജസ്ഥാന്റെ ഓഫറുമായി മുമ്പോട്ട് പോകുന്നതിനെ കുറിച്ച് കുറിച്ച് യോര്‍ക്‌ഷെയര്‍ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ഓഫര്‍ ഈ മാസം അവസാനത്തോടെ ബോര്‍ഡിന് മുമ്പില്‍ സമര്‍പ്പിക്കും, ശേഷം അംഗങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യും. ഇതിന് ശേഷം വോട്ടിങ്ങിലൂടെയായിരിക്കും ഈ ഓഫര്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുക.
കൗണ്ടി ക്രിക്കറ്റിലെ പ്രതാപികളായിരുന്നു യോര്‍ക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ്. 33 തവണയാണ് ഇവര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയത്. 2015ലാണ് അവസാന കിരീട നേട്ടം.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതിനിധീകരിച്ച ടീം കൂടിയായിരുന്നു യോര്‍ക് ഷെയര്‍ സി.സി.സി.
നിലവിലുള്ള 18 ഫസ്റ്റ് കൗണ്ടി ക്ലബ്ബുകളില്‍ 15 എണ്ണത്തിന്റെയും നിയന്ത്രണാധികാരം ക്ലബ്ബ് അംഗങ്ങള്‍ക്ക് തന്നെയാണ്. ഹാംഷെയര്‍, നോര്‍താംപ്ടണ്‍ഷെയര്‍, ഡുര്‍ഹാം എന്നീ കൗണ്ടികള്‍ മാത്രമാണ് ഇതിന് അപവാദമായി നില്‍ക്കുന്നത്. ഇതിന്റെ ഉടമകളെല്ലാവരും ഇംഗ്ലണ്ടില്‍ നിന്നുള്ളവരുമാണ്.
ദി ഹണ്‍ഡ്രഡിലെ ടീമായ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സില്‍ യോര്‍ക്‌ഷെയറിന് പ്രധാന ഓഹരികളുണ്ട്. ഹെഡിങ്‌ലിയിലാണ് ഇവര്‍ തങ്ങളുടെ ഹോം ഗെയിം കളിക്കുന്നത്.
വിദേശ ടി-20 ലീഗുകളായ കരീബിയന്‍ പ്രീമിയര്‍ ലീഗിലടക്കം രാജസ്ഥാന്‍ റോയല്‍സിന് ടീമുകളുണ്ട്. എസ്.എ20യിലെ പാള്‍ റോയല്‍സ്, സി.പി.എല്ലിലെ ബാര്‍ബഡോസ് റോയല്‍സ് എന്നീ ടീമുകളുടെ ഓഹരികളും രാജസ്ഥാന്‍ വാങ്ങിയിട്ടുണ്ട്.
Content Highlight: Reports says Rajasthan Royals eye huge bid to takeover Yorkshire County Club