ഇന്ത്യ - പാകിസ്ഥാന്‍ മത്സരം കാത്തിരിക്കുകയാണോ? ചിലപ്പോള്‍ നിരാശരാകേണ്ടി വരും!!
icc world cup
ഇന്ത്യ - പാകിസ്ഥാന്‍ മത്സരം കാത്തിരിക്കുകയാണോ? ചിലപ്പോള്‍ നിരാശരാകേണ്ടി വരും!!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th October 2023, 6:55 pm

 

ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാകിസ്ഥാന്‍ ക്ലാഷിന് വേണ്ടിയാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ റൈവല്‍റികളിലൊന്നിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഒക്ടോബര്‍ 14ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

ഗംഭീര ചടങ്ങുകളാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. അര്‍ജിത് സിങ്ങിന്റെ സംഗീത പരിപാടികള്‍ ഉള്‍പ്പെടെയുള്ള വര്‍ണാഭമായ ചടങ്ങുകളാണ് മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ അമിതാഭ് ബച്ചന്‍, രജനികാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള വമ്പന്‍ താരനിരയും മത്സരം കാണാനെത്തും.

ലോകകപ്പിന് ഉദ്ഘാടന ചടങ്ങ് പോലും സംഘടിപ്പിക്കാത്ത അപെക്‌സ് ബോര്‍ഡ് ഇന്ത്യ – പാകിസ്ഥാന്‍ മാച്ചിന് നല്‍കുന്ന പ്രത്യേക പരിഗണന വിമര്‍ശനങ്ങള്‍ക്കും വിധേയമായിരുന്നു. എന്നാല്‍ ഇത്രത്തോളം ഹൈപ്പ് നല്‍കിയ മത്സരം ബുദ്ധിമുട്ടുകളൊന്നും കൂടാതെ നടത്താന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്ന ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

‘ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ ചെറിയ തോതിലുള്ള മഴക്ക് സാധ്യതയുണ്ട്,’ ഇന്ത്യന്‍ മെറ്ററോളോജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദിന് പുറമെ മറ്റ് വടക്കന്‍ ജില്ലകളായ ബനാസ്‌കന്ദ, സബര്‍കന്ദ, അരാവല്ലി എന്നിവിടങ്ങളിലും ചെറിയ തോതില്‍ മഴ പെയ്‌തേക്കാമെന്നും അഹമ്മദാബാദ് മെറ്ററോളജിക്കല്‍ സെന്ററിലെ ഡയറക്ടറായ മനോരമ മൊഹന്തി പറഞ്ഞു. അന്തരീക്ഷം മേഘാവൃതമായേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ രണ്ട് മത്സരവും വിജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ മൂന്നാം മത്സരത്തില്‍ നേര്‍ക്കുനേര്‍ വരാനൊരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പിച്ചെത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് തകര്‍ത്തുവിട്ടത്.

 

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടപ്പെട്ട ശുഭ്മന്‍ ഗില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന് ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായേക്കും.

 

നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയെയും തകര്‍ത്താണ് പാകിസ്ഥാന്‍ മൂന്നാം മത്സരത്തിനിറങ്ങുന്നത്. മുഹമ്മദ് റിസ്വാന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ തിളങ്ങുമ്പോഴും ക്യാപ്റ്റന്‍ ബാബര്‍ അസം, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് തങ്ങളുടെ പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്തതാണ് പാകിസ്ഥാന് തലവേദന സൃഷ്ടിക്കുന്നത്.

 

Content highlight: Reports says rain threatens to wash out India vs Pakistan World Cup clash on October 14