Sports News
'തത്കാലം നീ ക്യാപ്റ്റനാകണ്ട' പി.എസ്.ജി താരങ്ങളുടെ വോട്ടിങ്ങില്‍ എംബാപ്പെ നാലാമത്; ഒന്നാമനാര്?
തങ്ങളുടെ അടുത്ത് ക്യാപ്റ്റന്‍ ആരാകണമെന്ന് പി.എസ്.ജി താരങ്ങള്‍ വോട്ട് ചെയ്തതായി റിപ്പോര്‍ട്ട്. ആര്‍.എം.സിയുടെ റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്താണ്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയാവശ്യപ്പെട്ടുകൊണ്ട് എംബാപ്പെ തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞ സീസണിലെ ചില മത്സരങ്ങളിലും 24കാരന്‍ പി.എസ്.ജിയെ നയിച്ചിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പില്‍ എംബാപ്പെ നാലാമനായാണ് ഫിനിഷ് ചെയ്തത്. ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍ക്വിന്യോസ് ഒന്നാമതെത്തിയപ്പോള്‍ ഡാനിലോ പെരേര രണ്ടാമതും കിപാംബെ മൂന്നാം സ്ഥാനത്തുമെത്തി. ഇവര്‍ക്ക് ഏത്ര വോട്ടുകള്‍ കിട്ടിയെന്നത് പുറത്തുവിട്ടിട്ടില്ല.
ഏറെ നാടകീയതക്ക് ശേഷമാണ് എംബാപ്പെ പി.എസ്.ജിയില്‍ തുടരുന്നതായി പ്രഖ്യാപിച്ചത്. താരവും ക്ലബ്ബും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും തന്റെ കരാര്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ടീം വിടണമെന്നും എംബാപ്പെ പാരീസിയന്‍സിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ പി.എസ്.ജിയുടെ പ്രീ സീസണ്‍ മത്സരങ്ങളിലൊന്നും തന്നെ താരം പങ്കെടുത്തിരുന്നില്ല. സീസണില്‍ ലോറിയെന്റിനെതിരായ ആദ്യ മത്സരത്തിലും എംബാപ്പെ ആദ്യ ഇലവനില്‍ നിന്നും പുറത്തായിരുന്നു.
എന്നാല്‍ ഏറെ വിവാദങ്ങള്‍ക്കും നാടകീയ നീക്കള്‍ക്കും ശേഷം താരം പാര്‍ക് ഡെസ് പ്രിന്‍സെസില്‍ തന്നെ തുടരാന്‍ എംബാപ്പെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടീമിലെ മടങ്ങിയെത്തിയെങ്കിലും താരത്തിന് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്താന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വോട്ടിങ് അനുസരിച്ച് മാര്‍ക്വിന്യോസ് തന്നെ ക്യാപ്റ്റനായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 സെപ്റ്റംബറിലാണ് മാര്‍ക്വിന്യോസ് പാരീസിയന്‍സിന്റെ ക്യാപ്റ്റനാകുന്നത്.
ബ്രസീലില്‍ തന്റെ സഹതാരമായ തിയാഗോ സില്‍വയില്‍ നിന്നുമാണ് മാര്‍ക്വിന്യോസ് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുന്നത്.
അതേസമയം, പുതിയ സീസണില്‍ പ്രതീക്ഷിച്ച തുടക്കമല്ല പി.എസ്.ജിക്ക് ലഭിച്ചിരിക്കുന്നത്. കളിച്ച രണ്ട് മത്സരവും സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. ലോറിയന്റിനെതിരായ മത്സരം ഗോള്‍ രഹിത സമനിയില്‍ പിരിഞ്ഞപ്പോള്‍ ടോലൗസിനെതിരായ മത്സരത്തില്‍ ഓരോ ഗോള്‍ വീതം അടിച്ചാണ് പി.എസ്.ജി സമനില വഴങ്ങിയത്.
ലീഗ് വണ്ണില്‍ ഓഗസ്റ്റ് 27നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ലെന്‍സാണ് എതിരാളികള്‍.
Content highlight: Reports says PSG players vote for next club captain, Kylian Mbappe comes fourth