സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയെ ടീമിലെത്തിക്കാന്‍ പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി ബ്ലാങ്ക് ചെക്ക് ഓഫര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കാര്യങ്ങള്‍ അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് പി.എസ്.ജിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.
എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ലയണല്‍ മെസിയെ ടീമിലെത്തിച്ചതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ സൈനിങ്ങിനാണ് പി.എസ്.ജി ഒരുങ്ങുന്നത്. മെസിക്ക് ഓഫര്‍ ചെയ്തതിനേക്കാള്‍ വലിയ തുക പെപ്പിനെ ടീമിലെത്തിക്കാന്‍ വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതുവരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടാന്‍ സാധിക്കാത്ത പാരീസ് ജയന്റ്‌സിന് പെപ്പിലൂടെ അത് ഉറപ്പായും സാധ്യമാകുമെന്നാണ് ക്ലബ്ബ് ഉറച്ചുവിശ്വസിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റ നിരക്കൊപ്പം ലോകം കണ്ട ഏറ്റവും സക്‌സസ്ഫുള്ളായ മാനേജര്‍മാരില്‍ ഒരാളും കൂടി ചേരുമ്പോള്‍ പി.എസ്.ജി ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലാകും.
പി.എസ്.ജി പെപ് ഗ്വാര്‍ഡിയോളയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പെപ് ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പി.എസ്.ജി പെപ്പിനായി ശ്രമിക്കുന്നത്.
പെപ് ഉടന്‍ തന്നെ അവെയ്‌ലബിളാവുകയാണെങ്കില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ പി.എസ്.ജിക്ക് താത്പര്യമുണ്ടെന്നാണ് പ്രമുഖ മാധ്യമമായ എല്‍ എക്വിപ്പെ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൗറിസിയോ പോച്ചെറ്റിനോക്ക് ടീമിന്റെ ചാര്‍ജുള്ളപ്പോള്‍ മുതല്‍ പെപ്പിനെ സ്വന്തമാക്കാന്‍ പി.എസ്.ജി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പണ്ട് ബാഴ്സലോണയുടെ മാനേജരായിരിക്കെ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി പെപ് പുലര്‍ത്തിയ ആത്മബന്ധവും പി.എസ്.ജി കണക്കിലെടുക്കുന്നുണ്ട്. മെസി ടീമിന്റെ ഭാഗമായിരിക്കെ തന്നെ പെപ്പിനെയും സ്വന്തമാക്കാന്‍ സാധിച്ചാല്‍ പാരീസ് ജയന്റ്സിനെ സംബന്ധിച്ച് അത് ലോട്ടറി തന്നെയായിരിക്കും.
അതേസമയം, പെപ് നിലവില്‍ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.
2009 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ നൂറിലധികം തവണ ലീഗിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് സിറ്റിക്കെതിരെ ഉയരുന്ന ആരോപണം. ഇത് ലീഗിലെ മറ്റ് ടീമുകള്‍ക്ക് മേല്‍ അണ്‍ഫെയര്‍ അഡ്വാന്റേജ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രീമിയര്‍ ലീഗിന് കൃത്യമായ സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നതിലും സിറ്റി പരാജയപ്പെട്ടുവെന്നും സ്‌പോണ്‍സര്‍ഷിപ്പിലും മറ്റ് വരുമാനങ്ങളിലും ടീം റെഗുലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
ഈ സാഹചര്യത്തിലാണ് പെപ് ടീം വിട്ടേക്കാമെന്ന അഭ്യൂഹങ്ങളുയര്‍ന്നത്.
‘എനിക്കെന്തെങ്കിലും കുഴപ്പുമണ്ടെന്ന് തോന്നിയാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കുകയോ കരാര്‍ പുതുക്കാതിരിക്കുകയോ ചെയ്യും. ഫെര്‍ഗൂസനോ വെങ്ങറോ തുടര്‍ന്നതുപോലെ ഞാന്‍ ഒരിക്കലും ടീമില്‍ തുടരില്ല. എന്നെ സംബന്ധിച്ച് കരാര്‍ എന്നത് വെറും കടലാസ് കഷ്ണം മാത്രമാണ്.
എന്റെ കീഴില്‍ ടീമിന് ഇനിയും പലതും ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നതിനാല്‍ മാത്രം ഞാന്‍ കരാര്‍ നീട്ടി. അവസാനം എല്ലാം റിസള്‍ട്ടുകളെ മാത്രം ആശ്രയിച്ചാണ്. പരസ്പരം മടുത്തു എന്ന് തോന്നുകയാണെങ്കില്‍ കോണ്‍ട്രാക്ട് ഉണ്ടെന്നുള്ളതിനാല്‍ മാത്രം ഞാന്‍ ഇവിടെ തുടരില്ല,’ എന്നായിരുന്നു ഗ്വാര്‍ഡിയോള കഴിഞ്ഞ മാസം പറഞ്ഞിരുന്നത്.
Content highlight: Reports says PSG offers a blank cheque to Pep Guardiola