ലഖ്‌നൗ: ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള 2019നവംബറിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ അയോധ്യയിലും സമീപപ്രദേശങ്ങളിളിലും ബി.ജെ.പി നേതാക്കളുടെ മക്കള്‍ അടക്കമുള്ള ഉന്നതര്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ട്.
അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കള്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ മുതല്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ വരെയുള്ളവര്‍ അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി രേഖകള്‍ വ്യക്തമാക്കുന്നു. അയോധ്യക്ക് 15 കിലോമീറ്റര്‍ ചുറ്റളവില്‍ 2,500 ഭൂമി കൈമാറ്റ രജിസ്‌ട്രേഷനുകള്‍ നടന്നിട്ടുണ്ട്. ശേഷം ഇവരില്‍ പലരും ഭൂമി വന്‍വിലയ്ക്ക് മറിച്ചുവിറ്റ് ലാഭവും നേടി.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം നിലനിന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു. ഇന്ത്യ മുന്നണിയാണ് ഇവിടെ വിജയിച്ചുകയറിയത്. ഇതിന് പിന്നാലെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് ബി.ജെ.പിയുമായി ബന്ധമുള്ളവര്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെയും മറിച്ചുവിറ്റതിന്റെയും വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.
അരുണാചല്‍ ഉപമുഖ്യമന്ത്രി ചൗന മേന്റെ മക്കളായ ചൗ കാന്‍ സെങ് മേന്‍, ആദിത്യ മേന്‍ എന്നിവര്‍ രാമക്ഷേത്രത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ സരയൂ നദിക്കരയില്‍ 2022 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനും ഇടയില്‍ 3.99ഹെക്ടര്‍ ഭൂമി വാങ്ങിയതായി രേഖകള്‍ വ്യക്തമാക്കുന്നു. 3.72 കോടി രൂപക്കാണ് ഇവര്‍ സ്ഥലം കൈവശപ്പെടുത്തിയത്. ഇതില്‍ 0.768 ഹെക്ടര്‍ ഭൂമി 98 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.
2023 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പ് ക്ഷേത്രത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ 1.4 ഹെക്ടര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. മഹാരാഷ്ട്ര മന്ത്രി മംഗള്‍ പ്രഭാത് ലോധയുടെ മകന്റെ പേരിലുള്ള എച്ച്.ഒ.എ.ബി കമ്പനി 2023 ജൂണിനും 2024 മാര്‍ച്ചിനും ഇടയില്‍ 17.73 ഹെക്ടര്‍ കൃഷിഭൂമിയും 12,693 സ്‌ക്വയര്‍ മീറ്റര്‍ പാര്‍പ്പിട ഭൂമിയും വാങ്ങിയിരുന്നു. ആകെ 105.39 കോടി രൂപയുടെ ഭൂമിയിടപാടാണ് ഇവര്‍ മാത്രം നടത്തിയത്.
വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാത്രിക്രമ കേസിലെ പ്രതിയും മുന്‍ എം.പിും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ കുടുംബവും ഭൂമി വാങ്ങിയിട്ടുണ്ട്.
ബ്രിജ്ഭൂഷണിന്റെ മകന്റെ ഉടമസ്ഥതയിലുള്ള നന്ദിനി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ അയോധ്യക്ക് സമീപം മഹേശ്വര്‍പൂരില്‍ 2023 ജനുവരിയില്‍ 1.15 കോടി രൂപയുടെ സ്ഥലം വാങ്ങിയിട്ടുണ്ട്. 0.97 ഹെക്ടറാണ് ഇവര്‍ സ്വന്തമാക്കിയത്. ആറ് മാസത്തിന് ശേഷം ഇതില്‍ 635.72 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി 60.96 ലക്ഷത്തിന് വില്‍പന നടത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആഡിഷണല്‍ ഡി.ജി.പി അമിതാഭ് യാഷ് ഐ.പി.എസ്സിന്റെ അമ്മയുടെ പേരിലും ഭൂമിയിടപാട് നടന്നിട്ടുണ്ട്. 2022 ഫെബ്രുവരിക്കും 2024 ഫെബ്രുവരിക്കും ഇടയില്‍ മഹേശ്വര്‍പൂര്‍, ദുര്‍ഗാഗഞ്ച്, യദുവംശ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 9.955 ഹെക്ടര്‍ ഭൂമിയാണ് ഇവര്‍ വാങ്ങിയത്. രാമക്ഷേത്രത്തില്‍ നിന്നും എട്ട് മുതല്‍ 13 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള പ്രദേശങ്ങളാണിത്. ഇതില്‍ 0.505 ഹെക്ടര്‍ 20.4 ലക്ഷത്തിന് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.
എം.എല്‍എമാരും എം.പിമാരും മാത്രമല്ല, ബി.ജെ.പിയുടെ പഞ്ചായത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയവരുടെ പട്ടികയിലുണ്ട്. ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ അജയ് സിങ്ങിന്റെ സഹോദരന്‍ കൃഷ്ണ കുമാര്‍ സിങ്, ഗോസയ്ഗഞ്ച് നഗര്‍ പഞ്ചായത്ത് ബി.ജെ.പി നേതാവ് വിജയ് ലക്ഷ്മി ജെയ്സ്വാള്‍, അമേഠി ജില്ല പഞ്ചായത്ത് ചെയര്‍പേഴ്സന്‍ രാജേഷ് അഗ്രഹാരി അടക്കം നൂറുകണക്കിന് രാഷ്ട്രീയക്കാരും ഉയര്‍ന്ന ഉദോഗസ്ഥരും ഇത്തരത്തില്‍ ഭൂമി വാങ്ങുകയും വില്‍പന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
Content highlight: Reports says people including BJP leaders have bought land worth crores of rupees in Ayodhya