ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലും പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താരം നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറച്ചു ദിവസം നാട്ടില്‍ കുടുംബത്തോടൊപ്പം ചെലവിട്ട ശേഷം ഇന്‍ഡോറില്‍ വെച്ച് നടക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടുംബാംഗത്തിന്റെ മോശം ആരോഗ്യനില കാരണമാണ് താരം നാട്ടിലേക്ക് മടങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഥവാ, മാര്‍ച്ച് ഒന്നിന് നടക്കുന്ന മത്സരത്തില്‍ താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കാത്ത അവസ്ഥ വരികയാണെങ്കില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നായകന്റ ചുമതലയേറ്റെടുത്തേക്കും.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വമ്പന്‍ പരാജയമായ സ്മിത്തിന് ഒരു തിരിച്ചുവരവ് അനിവാര്യമാണ്. മൂന്നാം ടെസ്റ്റില്‍ താരം ആ പേരുദോഷം മാറ്റിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
പരമ്പരയിലെ മോശം പ്രകടനം കാരണം സമ്മര്‍ദ്ദത്തിലായ സ്മിത്തിന് ക്യാപ്റ്റന്റെ അധിക ചുമതല കൂടിയേറ്റെടുക്കേണ്ടി വരുന്നത് താരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുമോ എന്നാണ് ആരാധകരുടെ പ്രധാന ആശങ്ക.
2015ന് ശേഷം ഇന്ത്യയെ തോല്‍പിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒരിക്കല്‍ക്കൂടി അലന്‍ ബോര്‍ഡറിന്റെ നാട്ടിലേക്കെത്തിക്കുക എന്ന കങ്കാരുക്കളുടെ സ്വപ്‌നം ഇത്തവണയും പൂവണിയില്ല. നാല് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങിയ ഓസീസിന് സമനില മാത്രമാണ് ലക്ഷ്യം.
എന്നാല്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുക എന്നതിനേക്കാളുപരി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ഇന്ത്യയുടെ ചെക്ക് ലിസ്റ്റിലുണ്ട്. ഇനിയുള്ള രണ്ട് മത്സരത്തിലും ആദ്യ മത്സരങ്ങളിലേതെന്ന പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ഓവലില്‍ നടക്കുന്ന ഫൈനലിലേക്ക് ഇന്ത്യക്ക് യോഗ്യത നേടാന്‍ സാധിക്കൂ.
ഫൈനല്‍ പ്രവേശനം മോഹിച്ച് കിവികള്‍ക്കെതിരെ ശ്രീലങ്കയും ഇറങ്ങിപ്പുറപ്പെടുന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും രോഹിത്തും സംഘവും ലക്ഷ്യമിടുന്നില്ല.
അതേസമയം, അവസാന രണ്ട് ടെസ്റ്റിലേക്കുള്ള സ്‌ക്വാഡിനെയും ബി.സി.സി.ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ മൂന്ന്, നാല് ടെസ്റ്റിനുള്ള ടീമിനെയും പ്രഖ്യാപിച്ചിരിക്കുന്നത്.