തുടര്‍ച്ചയായ രണ്ടാം തവണയും ഓസ്‌ട്രേലിയയെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ചാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ചരിത്രമെഴുതിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സൈക്കിളില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടമുയര്‍ത്തിയ ഓസ്‌ട്രേലിയ ഇത്തവണ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ ആധികാരിക വിജയം നേടിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ച ഓസ്‌ട്രേലിയ പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ബി.ജി.ടി കിരീടവും സ്വന്തമാക്കി.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളില്‍ ഒരു പരമ്പര ശേഷിക്കവെയാണ് ഓസ്‌ട്രേലിയ ഫൈനലുറപ്പിച്ചത്. വോണ്‍-മുരളീധരന്‍ ട്രോഫിയ്ക്കായുള്ള കങ്കാരുക്കളുടെ ശ്രീലങ്കന്‍ പര്യടനമാണ് ഓസ്‌ട്രേലിയക്ക് മുമ്പില്‍ അവശേഷിക്കുന്നത്.
എന്നാല്‍ ഈ പരമ്പരയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഭാഗമായേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് കമ്മിന്‍സ് ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമാകാതിരിക്കുന്നത്.
ടിം പെയ്‌നില്‍ നിന്നും ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഒരു പര്യടനത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ ഇതിനോടകം തന്നെ യോഗ്യത നേടിയതിനാല്‍ കമ്മിന്‍സ് ഇത്തരമൊരു തീരുമാനത്തിന് ആരാധകരുടെ പിന്തുണയും ഉണ്ടായേക്കും.
കമ്മിന്‍സിന്റെ അഭാവത്തില്‍ മുന്‍ നായകനും ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറും ഫാബ് ഫോറിലെ കരുത്തനുമായ സ്റ്റീവ് സ്മിത്ത് ഓസീസിനെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഓസ്‌ട്രേലിയ ശ്രീലങ്കയിലേക്ക് പറക്കുന്നത്. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് ആദ്യ മത്സരം. ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ഇതേ വേദിയില്‍ ഫെബ്രുവരി ആറിന് രണ്ടാം ടെസ്റ്റും അരങ്ങേറും.
ഒരുപക്ഷേ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിലിയെ സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്ത്യയോട് പരാജയപ്പെടുകയും പരമ്പര സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നെങ്കില്‍ ഫൈനല്‍ കളിക്കാന്‍ ശ്രീലങ്കയ്ക്കും സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ കങ്കാരുക്കള്‍ പരമ്പര സ്വന്തമാക്കിയതോടെ ലങ്കയുടെ വഴിയടയുകയായിരുന്നു.
Content Highlight: Reports says Pat Cummins likely to miss Australia’s Sri Lanka tour