| Thursday, 9th January 2025, 1:45 pm

കങ്കാരുക്കള്‍ക്ക് വമ്പന്‍ തിരിച്ചടി; നരേന്ദ്ര മോദി സ്‌റ്റേഡിയത്തെ നിശബ്ദമാക്കിയ കമ്മിന്‍സ് ചാമ്പ്യന്‍സ് ട്രോഫിക്കുണ്ടാകില്ല?

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നഷ്ടമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ പിന്നോട്ട് വലിച്ചിരിക്കുന്നത്. കമ്മിന്‍സ് വൈദ്യ പരിശോധനകള്‍ക്ക് വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് പരമ്പര താരത്തിന് ഇതിനോടകം തന്നെ നഷ്ടമായിരിക്കുകയാണ്. വോണ്‍ – മുരളീധരന്‍ ട്രോഫിയ്ക്കായി രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഓസ്‌ട്രേലിയ ശ്രീലങ്കയിലെത്തുന്നത്. ഇതിനുള്ള സ്‌ക്വാഡും ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്.

വോണ്‍ – മുരളീധരന്‍ ട്രോഫി

പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്താണ് പരമ്പരയില്‍ ശ്രീലങ്കയെ നയിക്കുന്നത്. ട്രാവിസ് ഹെഡാണ് സ്മിത്തിന്റെ ഡെപ്യൂട്ടി.

സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്

സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട് ബോളണ്ട്, അലക്സ് കാരി, കൂപ്പര്‍ കനോലി, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, നഥാന്‍ മക്സ്വീനി, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്, ബ്യൂ വെബ്സ്റ്റര്‍.

ഈ പര്യടനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒരു ഏകദിനവും ഓസീസ് കളിക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഓസീസിന്റെ അവസാന മത്സരമാണിത്.

അതേസമയം, കമ്മിന്‍സിന്റെ പരിക്കിന്റെ വ്യാപ്തി എത്രത്തോളമാണെന്നും എത്ര കാലം താരത്തിന് വിശ്രമം വേണ്ടി വരും എന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് ബി-യിലാണ് ഓസീസ് സ്ഥാനം പിടിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ബി-യിലുള്ളത്.

ചാമ്പ്യന്‍സ് ട്രോഫി

ഫെബ്രുവരി 22നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചിരവൈരികളായ ഇംഗ്ലണ്ടാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയുടെ മത്സരങ്ങള്‍ (ഗ്രൂപ്പ് ഘട്ടം)

ആദ്യ മത്സരം: ഫെബ്രുവരി 22 vs ഇംഗ്ലണ്ട്, ഗദ്ദാഫി സ്‌റ്റേഡിയം ലാഹോര്‍.

രണ്ടാം മത്സരം: ഫെബ്രുവരി 25 vs സൗത്ത് ആഫ്രിക്ക, റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.

മൂന്നാം മത്സരം: ഫെബ്രുവരി 28 vs അഫ്ഗാനിസ്ഥാന്‍, ഗദ്ദാഫി സ്‌റ്റേഡിയം ലാഹോര്‍.

Content Highlight: Reports says Pat Cummins injured and may miss ICC Champions Trophy

We use cookies to give you the best possible experience. Learn more