ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മാര്‍ച്ച് 22 മുതല്‍ കൊടിയേറുകയാണ്. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റനായി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ആവുമെന്നാണ് ക്രിക്ബസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ സീസണിലെ താര ലേലത്തില്‍ 20.5 എന്ന വമ്പന്‍ തുക മുടക്കിയാണ് സണ്‍റൈസസ് ഹൈദരാബാദ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറെ ടീമിലെത്തിച്ചത്. ഇതിനു പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കമ്മിന്‍സ് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ സൗത്ത് ആഫ്രിക്കന്‍ താരം എയ്ഡന്‍ മാക്രം ആയിരുന്നു ഹൈദരാബാദിനെ നയിച്ചിരുന്നത്. സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ കീഴില്‍ കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും വെറും നാല് മത്സരങ്ങള്‍ മാത്രമാണ് ഓറഞ്ച് ആര്‍മിക്ക് വിജയിക്കാന്‍ സാധിച്ചത്.
നാലു വിജയങ്ങളോടെ വെറും 8 പോയിന്റ് മാത്രമായി കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഹൈദരാബാദ് ഫിനിഷ് ചെയ്തത്. ഈ സാഹചര്യത്തിലാണ് പാറ്റ് കമ്മിന്‍സ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം പാറ്റ് കമ്മിന്‍സിന്റെ കീഴിലാണ് കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഓസ്‌ട്രേലിയ നേടിയത്.
മാര്‍ച്ച് 23നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മത്സരം നടക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഹൈദരാബാദിന്റെ എതിരാളികള്‍.