| Sunday, 13th October 2024, 4:24 pm

ബാബറുണ്ടാകില്ല; സ്വന്തം ടീം തന്നെ തള്ളിക്കളഞ്ഞോ? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ഒക്ടോബര്‍ 15 മുതല്‍ 19വരെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തിന് വേദിയായ അതേ മുള്‍ട്ടാന്‍ സ്റ്റേഡിയമാണ് വേദി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍ തലകുനിച്ചുനിന്നത്. ഈ തോല്‍വിക്ക് പിന്നാലെ സ്വന്തം മണ്ണില്‍ ടെസ്റ്റ് വിജയത്തിനായുള്ള പാകിസ്ഥാന്റെ കാത്തിരിപ്പ് നീളുകയാണ്.

ഒക്ടോബര്‍ 15ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുന്‍ നായകന്‍ ബാബര്‍ അസമിനെ ടീമില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മോശം ഫോം കാരണം രണ്ടാം ടെസ്റ്റില്‍ ബാബറിനെ പുറത്തിരുത്തുമെന്നാണ് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിഹാസ അമ്പയര്‍ അലീം ദാര്‍, മുന്‍ സൂപ്പര്‍ പേസര്‍ ആഖിബ് ജാവേദ്, മുന്‍ താരം അസര്‍ അലി എന്നിവരുടെ സെലക്ഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറെ നാളുകളായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബാബറിന് സാധിച്ചില്ല. 2022 ഡിസംബറിന് ശേഷം ഒരിക്കല്‍പ്പോലും ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ ടെസ്റ്റില്‍ ബാറ്റിങ്ങിന് അനുകൂലമായ ഫ്‌ളാറ്റ് ട്രാക് ഉണ്ടായിരുന്നിട്ട് പോലും താരം അമ്പേ പരാജയപ്പെട്ടു. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി വെറും 35 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

1, 41, 26, 23, 0, 22, 31, 11, 30, 5 എന്നിങ്ങനെയാണ് അവസാന പത്ത് ടെസ്റ്റ് ഇന്നിങ്‌സില്‍ താരത്തിന്റെ പ്രകടനം.

ബാബറിന് പുറമെ മറ്റുചില മാറ്റങ്ങളും രണ്ടാം ടെസ്റ്റില്‍ ഉണ്ടായേക്കും. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ അബ്രാര്‍ അഹമ്മദിനെ രണ്ടാം ടെസ്റ്റില്‍ ബെഞ്ചിലിരുത്താനും സാധ്യതകളുണ്ട്.

ഒക്ടോബര്‍ ഏഴ് മുതല്‍ 11 വരെ മുള്‍ട്ടാനില്‍ നടന്ന പരമ്പരയില്‍ പല മോശം റെക്കോഡുകളും പാകിസ്ഥാന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 500+ സ്‌കോര്‍ നേടിയതിന് ശേഷവും ഇന്നിങ്‌സ് തോല്‍വി നേരിടുന്ന ആദ്യ ടീം എന്ന അനാവശ്യ നേട്ടമാണ് പാകിസ്ഥാന്‍ തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തത്.

സ്‌കോര്‍

പാകിസ്ഥാന്‍: 556 & 220

ഇംഗ്ലണ്ട്: 823/7d

ഇംഗ്ലണ്ട് ഉയര്‍ത്തിയ 267 റണ്‍സിന്റെ ലീഡ് മറികടന്ന് സ്‌കോര്‍ ഉയര്‍ത്താനെത്തിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്സില്‍ 220ന് പുറത്തായതോടെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്.

Content highlight: Reports says Pakistan will drop Babar Azam from 2nd test

We use cookies to give you the best possible experience. Learn more