ദല്‍ഹി, മൊഹാലി, ഹൈദരാബാദ്, അഹമ്മദാബാദ് നഗരങ്ങളിലെ ഐ.പി.എല്‍ മത്സരം കാണാനെത്തുന്ന കാണികള്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററുമായും ബന്ധപ്പെട്ട പോസ്റ്ററുകളും ബാനറുകളും കൊണ്ടുവന്നാല്‍ മത്സരം കാണാന്‍ അനുവദിക്കില്ലെന്ന് സ്‌പെഷ്യല്‍ അഡൈ്വസറി.
വിവിധ ടീമുകളുടെ ടിക്കറ്റിങ് പാര്‍ട്ണര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദേശം. പി.ടി.ഐയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരുടെ ടിക്കറ്റിങ് പാര്‍ട്ണറായ പേ ടി.എം ഇന്‍സൈഡര്‍ പുറത്തുവിട്ട നിരോധിത വസ്തുക്കളുടെ കൂട്ടത്തിലാണ് സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പോസ്റ്ററുകളും ഉള്‍പ്പെട്ടത്.
ഇത്തരം നിരോധിത വസ്തുക്കളുമായി കളി കാണാനെത്തുന്നവരെ തടയുമെന്നും അവര്‍ അറിയിക്കുന്നു.
ഓരോ ടീമിന്റെയും ഹോം മാച്ചുകള്‍ ടിക്കറ്റിങ് ബിസിനസുകള്‍ നിയന്ത്രിക്കുന്ന ഫ്രാഞ്ചൈസികളാണ് ഇതിന് പിന്നിലെന്നാണ് മനസിലാക്കുന്നത്.
മാര്‍ക്വീ സ്‌പോര്‍ട്‌സ് ഇവന്റുകളിലേക്ക് ഇത്തരത്തിലുള്ള സെന്‍സിറ്റീവ് രാഷ്ട്രീയ – നയതന്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളോ പരസ്യങ്ങളോ വരുന്നതിനാല്‍ ഇക്കാര്യം ബി.സി.സി.ഐയുമായി കൂടിയാലോചിച്ചാണ് നടപ്പാക്കുന്നത്.
ദല്‍ഹി, പഞ്ചാബ്, ഗുജറാത്ത്. ഹൈദരാബാദ് ടീമുകളുടെ ഹോം മത്സരങ്ങള്‍ കാണുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ നിര്‍ദേശം കണ്ടെത്തിയത്.
‘ടിക്കറ്റിങ് ഓരോ ഫ്രാഞ്ചൈസികളുടെയും പ്രത്യേക അവകാശമാണ്. ഞങ്ങള്‍ അവര്‍ക്ക് വേദി നല്‍കുന്ന ഫെസിലിറ്റേറ്റര്‍മാര്‍ മാത്രമാണ്. ടിക്കറ്റിങ് അഡൈ്വസില്‍ ഞങ്ങള്‍ക്കൊരു പങ്കുമില്ല,’ മുതിര്‍ന്ന ഡി.ഡി.സി.ഇ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.
നിരോധിത ഉത്പന്നങ്ങളെകുറിച്ചുള്ള എല്ലാ ഉപദേശവും ബി.സി.സി.ഐയുമായി കൂടിയാലോചിച്ചാണ് ചെയ്യുന്നതെന്ന് ഒരു ടീമിന്റെ പ്രതിനിധി പറഞ്ഞു.
‘എല്ലാ ഫ്രാഞ്ചൈസികളും ബി.സി.സി.ഐയുടെ നിര്‍ദേശപ്രകാരം ഓരോ ടീമും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഉത്തരമൊരു നിര്‍ദേശം വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ അപെക്‌സ് ബോര്‍ഡിന്റെ നിര്‍ദേശം ഉറപ്പായും ഉണ്ടാകും,’ അദ്ദേഹം പറഞ്ഞു.
മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തില്‍ വെച്ച് ഒരു തരത്തിലുമുള്ള അനിഷ്ട സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.
Content Highlight: Reports says no CAA, NRC protest banners allowed during IPL matches