| Tuesday, 26th September 2023, 3:21 pm

നെയ്മര്‍ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നു! ഇനിയെന്ത് വേണം, ആവേശത്തില്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാലില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിലവില്‍ അല്‍ ഹിലാലില്‍ നെയ്മറിന്റെ ക്യാമ്പെയ്‌നെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നില്‍നില്‍ക്കവെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റിലാണ് മുന്‍ പി.എസ്.ജി വിങ്ങറും ബ്രസീലിയന്‍ ഇന്റര്‍നാഷണലുമായ നെയ്മര്‍ ജൂനിയര്‍ അല്‍ ഹിലാലുമായി കരാറൊപ്പുവെക്കുന്നത്. നാല് വര്‍ഷത്തേക്കായിരിക്കും നെയ്മര്‍ സൗദി വമ്പന്‍മാരുടെ തട്ടകത്തില്‍ പന്ത് തട്ടുക എന്നാണ് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ താരം രണ്ട് വര്‍ഷത്തേക്കാണ് ബ്ലൂ വേവ്‌സുമായി കരാറിലെത്തിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2025ല്‍ താരം ടീം വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

താന്‍ കളിയടവ് പഠിച്ച സാന്റോസിലേക്കായിരിക്കും നെയ്മര്‍ ചുവടുമാറ്റുക എന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ജേണലിസ്റ്റായ അഡെമിര്‍ ക്വിന്റിനോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘നെയ്മര്‍ ജൂനിയറിന്റെയും നെയ്മര്‍ സീനിയറിന്റെയും സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്നും നെയ്മര്‍ നാല് വര്‍ഷത്തേക്കല്ല മറിച്ച് രണ്ട് വര്‍ഷത്തേക്കാണ് സൗദി ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടതെന്ന് എനിക്ക് മനസിലായി. അങ്ങനെയെങ്കില്‍ അടുത്ത ലോകകപ്പിന് ഒരു വര്‍ഷം മുമ്പ് നെയ്മര്‍ (സാന്റോസിലേക്ക്) തിരിച്ചുവരും,’ ക്വിന്റിനോ പറഞ്ഞു.

നെയ്മറിന് തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങിപ്പോകാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ഇക്കാര്യം ക്ലബ്ബുമായി സംസാരിച്ചിട്ടുണ്ടെന്നും ക്വിന്റിനോ പറഞ്ഞു.

‘നെയ്മര്‍ സാന്റോസിനെ സമീപിക്കുകയും തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കും നെയ്മറിനുമായി കോമണ്‍ ഫ്രണ്ട്‌സുണ്ട്, എന്നാല്‍ അതാരാണെന്ന് പറയാന്‍ ഞാന്‍ തയ്യാറല്ല. അവന് സാന്റോസിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹമുണ്ട്,’ ക്വിന്റിനോ കൂട്ടിച്ചേര്‍ത്തു.

നെയ്മറും അല്‍ ഹിലാല്‍ മാനേജര്‍ ജോര്‍ജ് ജീസസുമായുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കവെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, സൗദി പ്രോ ലീഗില്‍ ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും രണ്ട് സമനിലയുമായി 17 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ ഹിലാല്‍. 18 പോയിന്റുമായി അല്‍ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത്.

സൗദി പ്രോ ലീഗില്‍ സെപ്റ്റംബര്‍ 29നാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം. പ്രിന്‍സ് ഫൈസല്‍ ബിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍-ഷബാബാണ് എതിരാളികള്‍.

Content Highlight: Reports says Neymar may return to Santos FC

We use cookies to give you the best possible experience. Learn more