| Wednesday, 22nd November 2023, 8:16 pm

ബാഴ്സയില്‍ നിന്നും പാരീസിലേക്ക് വണ്ടി കയറിയത് പരിക്കുമായി; നെയ്മറിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ ചേരുമ്പോള്‍ തന്നെ താരത്തിന്റെ കണങ്കാലിന് പരിക്കുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

പാരീസിലെ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ നെയ്മര്‍ എത്തിയത് കണങ്കാലിനേറ്റ പരിക്കോടെ ആയിരുന്നു. നെയ്മറിന്റെ വലതുകാലില്‍ ആയിരുന്നു കൂടുതലായും പരിക്ക് സംഭവിച്ചത്. 2026 ലോകകപ്പ് യോഗ്യതയില്‍ ഉറുഗ്വക്കെതിരായ മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് പരിക്കേറ്റിരുന്നു.

എന്നാല്‍ 2018 ഫെബ്രുവരിലും 2019 ജനുവരിയില്‍ പി.എസ്.ജിയില്‍ കളിക്കുമ്പോള്‍ നെയ്മറിന് ഇതേ രീതിയിലുള്ള പരിക്ക് സംഭവിച്ചെന്നുമായിരുന്നു എല്‍ എക്യുപ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ നിന്നും 2017ലാണ് നെയ്മര്‍ പാരീസില്‍ എത്തുന്നത്. 222 മില്യണ്‍ തുകയുടെ റെക്കോഡ് ട്രാന്‍സ്ഫര്‍ ആണ് പാരീസ് നടത്തിയത്. പി.എസ്.ജിക്കായി 173 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ നെയ്മര്‍ 118 ഗോളുകളും 77 അസിസ്റ്റുകളുമാണ് നെയ്മര്‍ നേടിയത്.

പാരീസിനായി ചാമ്പ്യന്‍സ് ലീഗ് വിജയിക്കാന്‍ നെയ്മറിന് സാധിച്ചിരുന്നില്ല. എന്നാല്‍ പരിക്കിന്റെ പിടിയില്‍ പല മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. പരിക്കിന് പിന്നാലെ നൂറിലധികം മത്സരങ്ങളാണ് നെയ്മറിന് നഷ്ടമായത്.

ഈ സീസണിലാണ് നെയ്മര്‍ പാരീസ് വിട്ട് സൗദി ക്ലബ്ബ് അല്‍ ഹിലാലിലെത്തുന്നത്. എന്നാല്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ പരിക്കേറ്റ താരം ഫുട്‌ബോളില്‍ നിന്നും പുറത്താവുകയായിരുന്നു. താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഈ സീസണ്‍ മുഴുവനായും നഷ്ടമാകുമെന്നും ക്ലബ്ബ് അറിയിച്ചിരുന്നു.

അല്‍ ഹിലാലിനായി നാല് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നെയ്മര്‍ നേടിയത്.

Content Highlight: Reports says neymar have injury before joining PSG.

We use cookies to give you the best possible experience. Learn more