രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഒരു വമ്പന്‍ മാറ്റത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരക്ക് മുമ്പ് വിരമിച്ച നീല്‍ വാഗ്നര്‍ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡര്‍സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നതോടെയാണ് വാഗ്നര്‍ വിരമിക്കാന്‍ തീരുമാനിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം കളി മതിയാക്കുകയാണെന്ന് അറിയിച്ചത്.
എന്നാല്‍ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കിവീസ് ടീം അദ്ദേഹത്തെ ഒപ്പം കൂട്ടുകയും സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലിറക്കുയും ചെയ്തിരുന്നു.
രണ്ടാം ടെസ്റ്റില്‍ താരം തിരിച്ചുവന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളില്‍ ആരാധകരും ആവേശത്തിലാണ്.
2012ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വാഗ്‌നര്‍ ന്യൂസിലാന്‍ഡിന്റെ പല നിര്‍ണായക വിജയങ്ങളിലും പങ്കാളിയായിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സൈക്കിളില്‍ ന്യൂസിലാന്‍ഡിനെ കിരീടമണിയിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്. ഫൈനലില്‍ ഇന്ത്യക്കെതിരായ മത്സരത്തിലും താരം തിളങ്ങിയിരുന്നു.
”ഇത് ഒരു വൈകാരിക നിമിഷമാണ്. ഞാന്‍ ഒരുപാട് സ്നേഹിച്ച ഫോര്‍മാറ്റില്‍ നിന്നും മാറി നില്‍ക്കുന്നത് ഒട്ടും എളുപ്പമല്ല. ബ്ലാക്ക് ക്യാപ്സിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു, ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞ നേട്ടങ്ങളില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു,’ എന്നായിരുന്നു വിരമിക്കല്‍ പ്രഖ്യാപിക്കവെ വാഗ്നര്‍ പറഞ്ഞത്.
ന്യൂസിലാന്‍ഡിനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമാണ് താരം കളിച്ചത്. 64 മത്സരത്തിലെ 122 ഇന്നിങ്സില്‍ നിന്നുമായി 27.27 ശരാശരിയിലും 52.7 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 260 വിക്കറ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇതിഹാസ തുല്യനായ വാഗ്‌നര്‍ 205 മത്സരത്തില്‍ നിന്നും 821 വിക്കറ്റാണ് നേടിയത്. 27.16 എന്ന ശരാശരിയിലും 51.0 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം 47 തവണയാണ് ഫസ്റ്റ് ക്ലാസില്‍ ഫോര്‍ഫര്‍ നേടിയത്. 36 ഫൈഫറും രണ്ട് ടെന്‍ഫറും ഫസ്റ്റ് ക്ലാസില്‍ വാഗ്‌നര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.
മാര്‍ച്ച് എട്ടിനാണ് ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം. ഹെഗ്ലി ഓവലാണ് വേദി. പരമ്പര സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്ക് ഒരു സമനില പോലും മതിയാകും. എന്നാല്‍ പരമ്പരയില്‍ പരാജയപ്പെടാതിരിക്കാന്‍ ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.
Content Highlight: Reports says Neil Wagner will revoke his retirement