ഒരൊറ്റ ഐ.പി.എല്‍ ടീം പോലും ചിന്തിക്കാത്ത നീക്കം; കോടികള്‍ വാരിയെറിയാന്‍ മുംബൈ? ഫാമിലിയില്‍ പുതിയ അംഗമോ?
Sports News
ഒരൊറ്റ ഐ.പി.എല്‍ ടീം പോലും ചിന്തിക്കാത്ത നീക്കം; കോടികള്‍ വാരിയെറിയാന്‍ മുംബൈ? ഫാമിലിയില്‍ പുതിയ അംഗമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 9:52 pm

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആരാധകരെ സൃഷ്ടിച്ച ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റിലും കാലെടുത്ത് വെക്കാന്‍ ഒരുങ്ങി മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റില്‍ ഒരു ടീമിനെ തന്നെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് മുംബൈ ഇന്ത്യന്‍സ് നടത്തുന്നത്.

ലണ്ടന്‍ സ്പിരിറ്റിനെയാണ് മുംബൈ ലക്ഷ്യമിടുന്നത്. ടീമിനെ സ്വന്തമാക്കാന്‍ മുംബൈ ഓഫര്‍ വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടീമിന്റെ 49 ശതമാനം ഓഹരികളും സ്വന്തമാക്കാനാണ് മുംബൈ ഇന്ത്യന്‍സ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ട് മുംബൈ ഇന്ത്യന്‍സ് സ്പിരിറ്റിനെ സ്വന്തമാക്കുകയാണെങ്കില്‍ എം.ഐ ലണ്ടന്‍ എന്ന പേരില്‍ ടീമിനെ റീബ്രാന്‍ഡ് ചെയ്യാനും പദ്ധതിയുണ്ട്.

ഐ.പി.എല്ലിന് പുറമെ സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗായ എസ്.എ20, യു.എ.ഇയുടെ ഐ.എല്‍. ടി-20, അമേരിക്കന്‍ ക്രിക്കറ്റ് ലീഗായ മേജര്‍ ലീഗ് ക്രിക്കറ്റ് എന്നീ ടൂര്‍ണമെന്റുകളിലെല്ലാം മുംബൈ ഫ്രാഞ്ചൈസിക്ക് ടീമുകളുണ്ട്.

എസ്.എ 20യില്‍ എം.ഐ കേപ്ടൗണ്‍, ഐ.എല്‍. ടി-20യില്‍ എം.ഐ എമിറേറ്റ്‌സ്, എം.എല്‍.സിയില്‍ എം.ഐ ന്യൂയോര്‍ക് എന്നിവരാണ് ടീമുകള്‍. ഇവര്‍ക്ക് പുറമെ ഇംഗ്ലണ്ട് മണ്ണിലും ടീം സ്വന്തമാക്കി എം.ഐ ഫാമിലി വലുതാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ദി ഹണ്‍ഡ്രഡിന്റെ പുതിയ സീസണില്‍ മികച്ച പ്രകടനം സ്വന്തമാക്കാന്‍ ലണ്ടന്‍ സ്പിരിറ്റിന് സാധിച്ചിരുന്നില്ല. എട്ട് മത്സരത്തില്‍ നിന്നും ഒറ്റ ജയം മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

അതേസമയം, എസ്.എ 20യുടെ അടുത്ത സീസണായുള്ള മുന്നൊരുക്കത്തിലാണ് എം.ഐ ഫ്രാഞ്ചൈസി. ജനുവരിയില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി ബെന്‍ സ്റ്റോക്‌സിനെയും ട്രെന്റ് ബോള്‍ട്ടിനെയും അടക്കമുള്ള താരങ്ങളെ ടീം സ്വന്തമാക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാതിരുന്ന കേപ്ടൗണ്‍ മൂന്നാം അങ്കത്തില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല.

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു കേപ്ടൗണ്‍. പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഏഴ് തോല്‍വിയുമായി 13 പോയിന്റായിരുന്നു ടീമിനുണ്ടായിരുന്നത്.

ഉദ്ഘാടന സീസണിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പത്ത് മത്സരം കളിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. ഏഴിലും തോറ്റു. 13 പോയിന്റ് തന്നെയായിരുന്നു ആദ്യ സീസണിലും ടീമിന് നേടാന്‍ സാധിച്ചത്.

അടുത്ത വര്‍ഷം ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ടൂര്‍ണമെന്റിന്റെ മൂന്നാം സീസണ്‍. ഫൈനലടക്കം 34 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക.

പുതിയ സീസണിന് മുന്നോടിയായി ഇതിനോടകം തന്നെ 14 താരങ്ങളെ ടീം പാളയത്തിലെത്തിച്ചിട്ടുണ്ട്. അഞ്ച് താരങ്ങളെ കൂടിയാണ് ടീം സ്വന്തമാക്കേണ്ടത്.

എം.ഐ കേപ് ടൗണ്‍ സ്‌ക്വാഡ് 2025

ഓവര്‍സീസ് താരങ്ങള്‍

റാഷിദ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, ബെന്‍ സ്റ്റോക്സ്, അസ്മത്തുള്ള ഒമര്‍സായ്, നുവാന്‍ തുഷാര, ക്രിസ് ബെഞ്ചമിന്‍.

മറ്റ് താരങ്ങള്‍

കഗീസോ റബാദ, റാസി വാന്‍ ഡെര്‍ ഡസന്‍, റയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ജോര്‍ജ് ലിന്‍ഡെ, തോമസ് കബേര്‍, കോനര്‍ എസ്റ്റര്‍ഹൂയ്സണ്‍, ഡെലാനോ പോട്ഗെയ്റ്റര്‍.

 

Content Highlight: Reports says Mumbai Indians are looking to buy a 49% stake in the London Spirit.