റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍രെ സൂപ്പര്‍ താരം മുഹമ്മദ് സിറാജിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ ആര്‍.സി.ബി പരാജയപ്പെട്ടതോടെ പണം നഷ്ടമായ ആളാണ് ടീമിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി സിറാജിനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇക്കാര്യം സിറാജ് ഉടന്‍ തന്നെ ബി.സി.സി.ഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റിനെ അറിയിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫോണ്‍ മുഖേന സിറാജിനെ ബന്ധപ്പെട്ട ഇയാള്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വാതുവെപ്പുകാരനല്ല സിറാജിനെ സമീപിച്ചതെന്നും മറിച്ച് ബെറ്റിങ്ങിലൂടെ പണം നഷ്ടമായ ഹൈദരാബാദിലെ ഒരു ഡ്രൈവറാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
‘ഒരു വാതുവെപ്പുകാരനല്ല സിറാജിനെ സമീപിച്ചത്. അയാള്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു ഡ്രൈവറാണ്. ഇയാള്‍ ബെറ്റിങ്ങിന് അടിമയാണ്. ഇത്തരത്തില്‍ ബെറ്റിങ്ങിലൂടെ കുറേയേറെ പണം നഷ്ടമായ ഇയാള്‍ ടീമിന്റെ ആഭ്യന്തര കാര്യങ്ങള്‍ അറിയാനായി സിറാജിനെ വിളിക്കുകയായിരുന്നു.
സിറാജ് ഇക്കാര്യം ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. നിയമപാലകന്‍ ഇയാളെ പിടികൂടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്,’ പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.
സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഏറ്റവും മികച്ച രീതിയില്‍ പന്തെറിയുന്ന താരമാണ് മുഹമ്മദ് സിറാജ്. കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും വെറും 140 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.