ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ഷമി നീണ്ട കാലം ക്രിക്കറ്റില്‍ നിന്നും പുറത്തായിരുന്നു. 2023ലെ ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയിലേക്ക് എതിരെയാണ് ഷമി അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചത്. എന്നാല്‍ പിന്നീട് പരിക്കിനെ തുടര്‍ന്ന് പിന്നീട് നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുഴുവനും താരത്തിന് നഷ്ടമായിരുന്നു. ഇപ്പോഴിതാ താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ന്യൂസ് 18ന്റെ റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് ഷമി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം പുനരാരംഭിച്ചുവെന്നാണ് പറയുന്നത്. എന്‍.സി.എയിലെ സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് മെഡിസിന്‍ മേധാവിയായ ഡോക്ടര്‍ നിതിന്‍ പട്ടേല്‍ ബെംഗളൂരുവിലെ സ്‌ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് രജനീകാന്ത് എന്നിവര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷമിയുടെ ഈ തിരിച്ചു വരവ് ഒരു ശുഭ സൂചനയാണെന്നും അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ ബദറുദീന്‍ പറഞ്ഞു.
‘ഷമി ബൗള്‍ ചെയ്യാന്‍ തുടങ്ങി. ഫുള്‍ അപ്പ് റണ്‍ അല്ലെങ്കില്‍ ഫുള്‍ ഉപയോഗിച്ചല്ല പകരം നെറ്റ്‌സില്‍ യാതൊരു അസ്വസ്ഥതയുമില്ലാതെയാണ് ഷമി ബോള്‍ ചെയ്യാന്‍ തുടങ്ങിയത്. തീര്‍ച്ചയായും ഇതൊരു നല്ല സൂചനയാണ്,’ ഷമിയുടെ ബാല്യകാല കോച്ച് പറഞ്ഞു.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ടി-20, ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഷമിയെ കളിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജയ്ഷാ പറഞ്ഞു.
അതേസമയം നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രോഹിത് ശര്‍മയുടെ കീഴില്‍ ടി-20 ലോകകപ്പിന്റെ മത്സരങ്ങളിലാണ്. ലോകകപ്പില്‍ ഇതിനോടകം തന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ സൂപ്പര്‍ 8ലേക്ക് മുന്നേറിയത്. അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, യു.എസ്.എ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
കാനഡയ്‌ക്കെതിരെയുള്ള അവസാന മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ 8ല്‍ നടന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിനും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ എട്ടില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ശര്‍മയും സംഘവും കളിക്കുക.