Sports News
മെസിക്ക് തലവേദനയാകും; റാമോസിനെ പൊക്കാന്‍ എം.എല്‍.എസില്‍ മയാമിയുടെ എതിരാളികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 29, 07:13 am
Saturday, 29th July 2023, 12:43 pm

പി.എസ്.ജിയില്‍ കരാര്‍ അവസാനിക്കുന്ന സൂപ്പര്‍ താരം സെര്‍ജിയോ റാമോസ് ഇനി എങ്ങോട്ട് എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരത്തിന് പിന്നാലെ നിരവധി ക്ലബ്ബുകളുണ്ടെങ്കിലും റാമോസ് എങ്ങോട്ട് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

റാമോസ് മേജര്‍ ലീഗ് സോക്കറിലേക്ക് ചുവടുമാറ്റാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു. റാമോസ് മെസിക്കൊപ്പം ഇന്റര്‍ മയാമിയില്‍ കളിച്ചേക്കുന്നെും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ അത് വിദൂരസാധ്യതയായി മാത്രമാണ് തുടരുന്നത്.

എന്നാല്‍, റാമോസിനെ മറ്റൊരു എം.എല്‍.എസ് ക്ലബ്ബ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഫിച്ചാജെസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എം.എല്‍.എസിലെ ലോസ് ആഞ്ചലസ് എഫ്.സിയാണ് റാമോസിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെസിയും ബുസ്‌ക്വെറ്റ്‌സും ആല്‍ബയും അമേരിക്കന്‍ മണ്ണിലെത്തിയതോടെ മറ്റൊരു ലാലിഗ റൈവല്‍റിക്ക് തുടക്കം കുറിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോസ് ആഞ്ചലസ് റാമോസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റയല്‍ – ബാഴ്‌സ പോരാട്ടത്തില്‍ മെസിയും റാമോസും പല തവണ നേര്‍ക്കുനേര്‍ വന്നെങ്കിലും പി.എസ്.ജിയിലെത്തിയപ്പോള്‍ ഇരുവരും ഹൃദ്യമായ ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്. എന്നാല്‍ റാമോസ് എം.എല്‍.എസിലേക്കെത്തുകയാണെങ്കില്‍ പുതിയ പോരാട്ടങ്ങള്‍ക്കാകും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക.

മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും റാമോസിന്റെ സഹതാരവുമായ ഗാരത് ബെയ്ല്‍ ബൂട്ടണിഞ്ഞ ക്ലബ്ബാണ് ലോസ് ആഞ്ചലസ്. ഇന്റര്‍ മയാമി എം.എല്‍.എസില്‍ പുതിയ ബാഴ്‌സയെ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ലോസ് ആഞ്ചലസ് അമേരിക്കന്‍ മണ്ണില്‍ പുതിയ റയല്‍ മാഡ്രിഡിനെ തന്നെ പടുത്തുയര്‍ത്താനാണ് ശ്രമിക്കുന്നത്.

 

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും മറുപടി പറയാന്‍ ലെജന്‍ഡറി ഡിഫന്‍ഡര്‍ക്ക് മാത്രമേ സാധിക്കൂ. റാമോസിന്റെ വരവ് മേജര്‍ ലീഗ് സോക്കറിന്റെ പ്രശസ്തിയും ബ്രാന്‍ഡ് വാല്യുവും ഉയര്‍ത്തും എന്ന കാര്യത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു സംശയവുമില്ല.

 

 

Content Highlight: Reports says MSL club Los Angeles FC trying to sign Sergio Ramos