| Thursday, 28th September 2023, 10:31 am

മെസി എഫക്ട്! പി.എസ്.ജിയില്‍ നിന്നും എം.എസ്.എല്ലിലേക്ക് അടുത്ത താരം; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പരിശീലകന്റെ റോളില്‍ ലൂയീസ് എന്റിക്വ് എത്തിയതിന് ശേഷവും പി.എസ്.ജിയില്‍ കെയ്‌ലര്‍ നവാസിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇറ്റാലിയന്‍ ഇന്ററര്‍നാഷണലായ ജിയാന്‍ലൂജി ഡൊണാറൂമ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായതിനാല്‍ നവാസ് ഇപ്പോഴും രണ്ടാം ഗോള്‍കീപ്പറായി ആവശ്യത്തിന് അവസരം ലഭിക്കാതെ ബെഞ്ചില്‍ തുടരുകയാണ്.

എ. സി മിലാനില്‍ നിന്നും ഡൊണറൂമയെത്തിയതോടെയാണ് പി.എസ്.ജിയില്‍ കെയ്ലര്‍ നവാസിന്റെ പ്രതാപം മങ്ങിയത്.

ഈ സാഹചര്യത്തില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ നാഷ്‌വില്‍ എസ്.സി കെയ്‌ലര്‍ നവാസിന് മുമ്പ് പുതിയ വാതില്‍ തുറന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിച്ചാജെസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കേണ്ട പ്രധാന താരങ്ങളുടെ പട്ടികയില്‍ നാഷ്‌വില്‍ കെയ്‌ലര്‍ നവാസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിനായി കെയ്‌ലര്‍ നവാസിന്റെ അനുഭവ സമ്പത്ത് ടീമിന് പ്രയോജനപ്പെടുമെന്നും കോസ്റ്ററിക്കന്‍ ഷോട്ട് സ്‌റ്റോപ്പര്‍ സ്‌ക്വാഡിന്റെ നെടുംതൂണാകുമെന്നും നാഷ്‌വില്‍  കണക്കുകൂട്ടുന്നുണ്ട്.

കെയ്‌ലര്‍ നവാസിന് പുതിയ കരാര്‍ നല്‍കാന്‍ പി.എസ്.ജിക്ക് താത്പര്യമില്ലാത്തതിനാല്‍ വരുന്ന വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കെയ്‌ലര്‍ നവാസിനെ വില്‍ക്കാന്‍ പി.എസ്.ജി തയ്യാറായേക്കും. അടുത്ത സമ്മര്‍ വരെയാണ് നവാസിന് പി.എസ്.ജിയില്‍ കരാറുള്ളത്.

കൂടുതല്‍ ഗെയിം ടൈം ലഭിക്കുന്നതിനായി കെയ്‌ലര്‍ നവാസ് എം.എല്‍.എസ്സിലേക്ക് പോകാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ല്‍ പി.എസ്.ജിയിലെത്തിയ കെയ്‌ലര് നവാസ് ഫ്രഞ്ച് വമ്പന്‍മാര്‍ക്കായി 106 മത്സരത്തില്‍ ഗോള്‍വല കാത്തിട്ടുണ്ട്. 46 ക്ലീന്‍ ഷീറ്റുകളാണ് അദ്ദേഹത്തിനുള്ളത്.

അതേസമയം, മാഴ്‌സെക്കെതിരെ നാല് ഗോളിന് വിജയിച്ച പി.എസ്.ജി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. നൈസിനെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെയാണ് പി.എസ്.ജി മൂന്നാം സ്ഥാനത്തേക്ക് വീണത്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് പാരീസ് വമ്പന്‍മാര്‍ക്കുള്ളത്. 11 പോയിന്റാണ് പി.എസ്.ജിയുടെ സമ്പാദ്യം.

ആറ് മത്സരത്തില്‍ നിന്നും 13 പോയിന്റുമായി ബ്രെസ്റ്റാണ് ഒന്നാമത്. കഴിഞ്ഞ മത്സരത്തില്‍ പി.എസ്.ജിയെ തോല്‍പിച്ചതിന് പിന്നാലെ നൈസ് രണ്ടാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരത്തില്‍ നിന്നും 12 പോയിന്റാണ് നൈസിനുള്ളത്.

സെപ്റ്റംബര്‍ 30നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. സ്റ്റേഡ് ഗബ്രിയേല്‍ മോണ്‍പീഡില്‍ നടക്കുന്ന മത്സരത്തില്‍ ക്ലെമണ്ട് ഫൂട്ടാണ് എതിരാളികള്‍.

Content highlight: Reports says MLS club Nashville SC tries to sign Keylar Navas

We use cookies to give you the best possible experience. Learn more