തൊഡ്രാ പാക്കലാം, അവനൊപ്പം ഞാനുണ്ട്; മെക്‌സിക്കന്‍ ബോക്‌സറുടെ ഭീഷണിക്ക് പിന്നാലെ മെസിയെ പിന്തുണച്ച് മൈക്ക് ടൈസണ്‍
Football
തൊഡ്രാ പാക്കലാം, അവനൊപ്പം ഞാനുണ്ട്; മെക്‌സിക്കന്‍ ബോക്‌സറുടെ ഭീഷണിക്ക് പിന്നാലെ മെസിയെ പിന്തുണച്ച് മൈക്ക് ടൈസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th November 2022, 7:58 am

അര്‍ജന്റീന – മെക്‌സിക്കോ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ മെസിപ്പടയുടെ ആഹ്ലാദ പ്രകടനത്തിനിടെ നടന്ന സംഭവങ്ങള്‍ ചില കോണുകളില്‍ നിന്നും വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മെക്‌സിക്കന്‍ ജേഴ്‌സി ചവിട്ടിയെന്നാരോപിച്ച് മെക്‌സിക്കന്‍ ബോക്‌സര്‍ കാനലോ അല്‍വാരസ് രംഗത്തുവന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

മെസി തങ്ങളുടെ രാജ്യത്തെ അപമാനിച്ചുവെന്നാരോപിച്ച് അല്‍വാരസ് മെസിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മെസി മെക്‌സിക്കന്‍ ജേഴ്‌സി ഉപയോഗിച്ച് തറ വൃത്തിയാക്കുകയാണെന്നും തങ്ങള്‍ അര്‍ജന്റീന എന്ന രാജ്യത്തിന് നല്‍കുന്ന അതേ ബഹുമാനം തിരികെ വേണമെന്നും അല്‍വാരസ് പറഞ്ഞു.

ഇതിന് പുറമെ മെസി തന്റെ മുമ്പില്‍ വന്ന് പെടാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ താന്‍ നിലമറന്ന് മെസിയെ അടിക്കുമെന്നും അല്‍വാരസ് പറഞ്ഞിരുന്നു.

ഇതോടെ വലിയ വിവാദങ്ങള്‍ക്കാണ് സംഭവം തിരികൊളുത്തിയത്.

മെസി സഹതാരങ്ങളെയും എതിരാളികളെയും ബഹുമാനിക്കുന്നവനാണ്, ഒരിക്കലും മറ്റൊരാളുടെ ജേഴ്‌സി ഉപയോഗിച്ച് അങ്ങനെയൊന്നും ചെയ്യില്ല എന്ന് ഇന്റര്‍നെറ്റിലെ ഒരു വിഭാഗം വാദിച്ചപ്പോള്‍ മെസി ചെയ്തത് തെറ്റാണെന്നും ഒരു സ്‌പോര്‍ട്‌സ്‌പേഴ്‌സണിന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാവാന്‍ പാടില്ലായിരുന്നു എന്ന് മറ്റൊരു വിഭാഗവും വാദിച്ചു.

സംഭവം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നതിനിടെ മെസിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ മൈക്ക് ടൈസണ്‍. മെക്‌സിക്കന്‍ ബോക്‌സര്‍ കാനലോ അല്‍വാരസിന്റെ ഭീഷണിക്ക് പിന്നാലെ താന്‍ മെസിയെ ഡിഫന്‍ഡ് ചെയ്യുമെന്ന് മൈക്ക് ടൈസണ്‍ പറഞ്ഞതായാാണ് റിപ്പോര്‍ട്ടുകള്‍.

 

അല്‍വാരസിന്റെ ബോക്‌സിങ് ഐഡലുകളില്‍ ഒരാള്‍ കൂടിയാണ് മൈക്ക് ടൈസണ്‍ എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ലയണല്‍ മെസിയോ മൈക്ക് ടൈസണോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇന്‍സൈഡര്‍സ്‌പോര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന മെക്‌സിക്കോയെ തോല്‍പിക്കുകയും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തതോടെയാണ് ടീം ഡ്രസിങ് റൂമില്‍ ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിനിടെ മെസി തന്റെ ബൂട്ട് അഴിക്കാന്‍ ശ്രമിക്കുമ്പോള്‍ താഴെ കിടന്നിരുന്ന മെക്‌സിക്കന്‍ ജേഴ്‌സിയില്‍ കാല്‍ തട്ടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അല്‍വാരസ് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ മെസിയെ പിന്തുണച്ച് മുന്‍ സ്പാനിഷ് സൂപ്പര്‍ താരം സെസ്‌ക് ഫാബ്രിഗസും രംഗത്തെത്തിയിരുന്നു.

കാനലോ അല്‍വാരസിന്റെ ട്വീറ്റ് പങ്കുവെച്ച്, നിങ്ങള്‍ക്ക് മെസിയെ അറിയില്ലെന്നാണ് ഫ്രാബ്രികസ് പറഞ്ഞത്. ഒരു ഗെയിമിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നത് മനസിലാക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ക്ക് ആ വ്യക്തിയെ(മെസിയെ)അറിയില്ല, അല്ലെങ്കില്‍ ഒരു ഡ്രസിങ് റൂം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഒരു ഗെയ്മിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നും നിങ്ങള്‍ മനസിലാക്കുന്നില്ല.

മത്സരത്തിന് ശേഷം എല്ലാ ടി-ഷര്‍ട്ടുകളും, അത് നമ്മള്‍ സ്വയം ധരിക്കുന്നവയാണെങ്കിലും തറയിലിടുന്നത് അലക്കാന്‍ പാകത്തിനായിരിക്കും. പ്രത്യേകിച്ച് നിങ്ങള്‍ ഒരു പ്രധാന വിജയം ആഘോഷിക്കുമ്പോള്‍ നമ്മള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല,’ എന്നാണ് സെസ്‌ക് ഫാബ്രിഗാസ് ട്വീറ്റ് ചെയ്തത്.

 

Content Highlight: Reports says Mike Tyson will back Lionel Messi after Mexican boxer Canelo Alvarez threatens the Argentine football star