ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്, മെസി പി.എസ്.ജി വിടാനൊരുങ്ങുന്നു? വമ്പന്‍ അപ്‌ഡേറ്റുമായി മാധ്യമപ്രവര്‍ത്തകന്‍
Sports News
ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്, മെസി പി.എസ്.ജി വിടാനൊരുങ്ങുന്നു? വമ്പന്‍ അപ്‌ഡേറ്റുമായി മാധ്യമപ്രവര്‍ത്തകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th March 2023, 9:54 pm

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ പരാജയത്തിന് പിന്നാലെ പാരീസ് വമ്പന്‍മാരായ പി.എസ്.ജി പുറത്തായിരുന്നു. തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന മോഹം ഒരിക്കല്‍ക്കൂടി അടിയറവെച്ചാണ് പി.എസ്.ജി വിട പറയുന്നത്.

ഇരുപാദങ്ങളിലുമായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജര്‍മന്‍ ജയന്റ്‌സ് പി.എസ്.ജിയെ തോല്‍പിച്ചത്. ഈ തോല്‍വിക്ക് പിന്നാലെ മെസി ക്ലബ്ബ് വിട്ടേക്കുമെന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ അപ്‌ഡേറ്റ് നല്‍കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ടി.വൈ.സി സ്‌പോര്‍ട്‌സിലെ (TyC Sports) മാധ്യമപ്രവര്‍ത്തകനായ സീസര്‍ ലൂയീസ് മെര്‍ലോ. ഈ തോല്‍വിക്ക് ശേഷവും ക്ലബ്ബുമായി കരാര്‍ നീട്ടാന്‍ തന്നെയാണ് മെസി ഉദ്ദേശിക്കുന്നതെന്നാണ് മെര്‍ലോ പറയുന്നത്.

ചില കാര്യങ്ങളില്‍ കൂടി അന്തിമ തീരുമാനമായാല്‍ മെസി പി.എസ്.ജിയുമായി കരാര്‍ പുതുക്കുമെന്നാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ബയേണിന്റെ തട്ടകമായ അലിയന്‍സ് അരീനയില്‍ വെച്ചായിരുന്നു രണ്ടാം പാദ മത്സരം അരങ്ങേറിയത്. നേരത്തെ പാര്‍ക് ഡെസ് പ്രിന്‍സസില്‍ വെച്ച് നടന്ന ആദ്യ പാദ മത്സരത്തില്‍ വഴങ്ങിയ ഒരു ഗോളിന്റെ കടവുമായിട്ടായിരുന്നു പി.എസ്.ജി അലിയന്‍സ് അരീനയിലേക്കിറങ്ങിയത്.

ആദ്യപകുതില്‍ ഗോള്‍ നേടാന്‍ ഇരു ടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും സ്‌കോര്‍ ചെയ്യാന്‍ ഇരുവര്‍ക്കുമായില്ല. ഒടുവില്‍ മത്സരത്തിന്റെ 61ാം മിനിട്ടിലാണ് കളിയിലെ ആദ്യ ഗോള്‍ പിറന്നത്. എറിക് മാക്‌സിം ചോപ്പോയിലുടെയായിരുന്നു ബുണ്ടസ് ലീഗ ടൈറ്റന്‍സ് ലീഡ് നേടിയത്.

മത്സത്തിന്റെ 89ാം മിനിട്ടില്‍ സെര്‍ജെ നഹാബിയും ബയേണിനായി ഗോള്‍ കണ്ടെത്തി. ഇതോടെ 3-0 എന്ന അഗ്രഗേറ്റ് സ്‌കോറിലായിരുന്നു പി.എസ്.ജി തോല്‍വി വഴങ്ങിയത്.

ചാമ്പ്യന്‍സ് ലീഗ് എന്ന മോഹമുപേക്ഷിച്ച് പി.എസ്.ജി വീണ്ടും ലീഗ് വണ്ണിലെത്തിയിരിക്കുകയാണ്. ലീഗ് വണ്ണില്‍ ഇത്തവണയും കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നതും പി.എസ്.ജിക്കാണ്.

 

രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെയെക്കാള്‍ എട്ട് പോയിന്റാണ് പി.എസ്.ജിക്ക് അധികമുള്ളത്. പോയിന്റ് പട്ടികയില്‍ 15ാം സ്ഥാനത്തുള്ള ബ്രെസ്റ്റി(Brest)നെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മാച്ച്. ബ്രെസ്റ്റിന്റെ ഹോം സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 12നാണ് മത്സരം.

 

Content highlight: Reports says Messi will stay in PSG