പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും ബാഴ്‌സലോണ താരം ഫ്രാങ്കി ഡി യോങ്ങിനായി (Frankie de Jong) കാത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മെസിയും എംബാപ്പെയും ഡി യോങ്ങിനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മിഡ്ഫീല്‍ഡറുടെ റോളില്‍ കറ്റാലന്‍ നിരയില്‍ നിര്‍ണായക സ്വാധീനമാണ് ഡി യോങ്. ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പാക്കുന്ന യുവതാരം ഇതിനോടകം തന്നെ കളിച്ച 18 മത്സരത്തില്‍ നിന്നും രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഫ്രഞ്ച് ഔട്ട്‌ലെറ്റായ ലെ പാരിസിയന്റെ റിപ്പോര്‍ട്ട് പ്രകാരം ഫ്രാങ്കി ഡി യോങ്ങിനെ ടീമിലെത്തിക്കാന്‍ എംബാപ്പെ പി.എസ്.ജിയോടാവശ്യപ്പെട്ടിട്ടുണ്ട്.
ബാഴ്‌സലോണയിലെ തന്റെ മുന്‍ സഹതാരവുമായി ഒരിക്കല്‍ക്കൂടി പന്ത് തട്ടാന്‍ മെസിയും ആഗ്രഹിക്കുന്നുണ്ടെന്നാണ് സ്‌പോര്‍ട് മീഡിയാസെറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാല്‍ ഡി യോങ്ങിന് ടീം വിടാന്‍ താത്പര്യമില്ലാതിരിക്കുന്നതിനാല്‍ താരത്തിനായി പി.എസ്.ജി ഒരു മൂവ് നടത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
‘ഞാന്‍ ഇവിടെ തന്നെ കുറേ കാലം കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അഭ്യൂഹങ്ങള്‍ക്കൊന്നും ഞാനൊരു വിലയും കല്‍പിക്കുന്നില്ല. ക്ലബ്ബിന്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടില്ല.
ഞാന്‍ ബാഴ്‌സ വിടും എന്ന് എനിക്ക് തോന്നുന്നില്ല, ഞാന്‍ അത് പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ഏറെ നിരാശനാകും,’ എഫ്.സി ബാഴ്‌സലോണ എന്ന പ്രൈം ഡോക്യുമെന്ററിയില്‍ അദ്ദേഹം പറഞ്ഞു.
ഡി യോങ്ങിനെ വില്‍ക്കില്ല എന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാന്‍ ലപ്പോര്‍ട്ടയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
‘ഡി യോങ്ങിന്റെ കാര്യത്തില്‍, കഴിഞ്ഞ സമ്മറില്‍ അവനെ ടീമിലെത്തിക്കാന്‍ പല ക്ലബ്ബുകളും ശ്രമം നടത്തിയെന്ന് ഞാന്‍ സമ്മതിക്കുന്നു, എന്നാല്‍ അവനെ ഇപ്പോള്‍ വിട്ടുകൊടുക്കാനില്ല.
ഡി യോങ് വളരെ മികച്ച ഒരു ഫുട്‌ബോളറാണ്. അത് ഞങ്ങള്‍ക്കറിയാവുന്നതുമാണ്. ഞാന്‍ ഉറപ്പിച്ചു പറയുന്നു അവനെ വില്‍ക്കാന്‍ ഞങ്ങളൊരുക്കമല്ല. ഇന്റേണല്‍ മീറ്റിങ്ങുകളില്‍ എന്ത് വേണമെങ്കിലും ചര്‍ച്ചയായിക്കൊള്ളട്ടെ, എന്നാല്‍ എല്ലാത്തിനും ഉപരി ക്ലബ്ബിന്റെ തീരുമാനമാണ്,’ എന്നായിരുന്നു ലപ്പോര്‍ട്ട പറഞ്ഞത്.
2019ല്‍ അയാക്‌സില്‍ നിന്നുമാണ് ഡി യോങ് ബാഴ്‌സയിലെത്തിയത്. 75 മില്യണ്‍ യൂറോക്കായിരുന്നു ബാഴ്‌സലോണ യുവതാരത്തെ ടീമിലെത്തിച്ചത്. ടീമിലെത്തിയതിന് ശേഷം കളിച്ച 158 മത്സരത്തില്‍ നിന്നും 15 ഗോളും 19 അസിസ്റ്റും താരം തന്റെ പേരിലാക്കിയിട്ടുണ്ട്. മെസിയുടെ നേതൃത്വത്തില്‍ 2020-21ല്‍ ബാഴ്‌സലോണ കോപ്പ ഡെല്‍ റേ നേടിയപ്പോഴും ഡി യോങ് ടീമില്‍ നിര്‍ണായക സ്വാധീനമായിരുന്നു ചെലുത്തിയത്.