റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് സൗദി വമ്പന്‍മാരായ അല്‍നസറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലൂക്ക മോഡ്രിച്ചിനെ അല്‍ നസറില്‍ എത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ടോഡോഫിച്ചാജെസിന്റെ റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ച് റൊണാള്‍ഡോ മോഡ്രിച്ചുമായി വീണ്ടും ഒന്നിക്കാന്‍ തയ്യാറെടുക്കുന്നുവന്നും താരത്തെ സൗദി അറേബ്യയിലേക്ക് എത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. റയല്‍ മാഡ്രിഡ് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ക്ക് എല്ലാ സീസണിലും 30 മില്യണ്‍ യൂറോ വരെ പ്രതിഫലമായി നല്‍കുമെന്നാണ് പുറത്തുനിന്നും ലഭ്യമാകുന്ന വിവരങ്ങള്‍.
അതേസമയം മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമി മോഡ്രിച്ചിനെ ലക്ഷ്യം വെച്ചിരുന്നു. താരം സൗദിയിലേക്ക് നീങ്ങുകയാണെങ്കില്‍ മയാമിയുടെ ഈ നീക്കം പരാജയപ്പെടും. നേരത്തെ തന്നെ ഈ സീസണോടുകൂടി ലോസ് ബ്ലാങ്കോസിനൊപ്പമുള്ള കരാര്‍ മോഡ്രിച്ച് അവസാനിപ്പിക്കുമെന്ന് ക്രൊയേഷ്യന്‍ താരം പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘ഫുട്‌ബോളില്‍ കളിക്കാത്ത സമയങ്ങളില്‍ ആരും സന്തുഷ്ടരായിരിക്കില്ല. എന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചതിനുശേഷം എനിക്ക് ഈ തോന്നല്‍ വന്നിട്ടില്ല. പക്ഷേ കോച്ച് സ്വന്തമായി പല കാര്യങ്ങളും തീരുമാനിച്ചു,’ മോഡ്രിച്ച് പറഞ്ഞു.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോക്കൊപ്പം 222 മത്സരങ്ങളിലാണ് ലൂക്കാ മോഡ്രിച്ച് കളിച്ചിട്ടുള്ളത്. ഇതില്‍ 16 സംയുക്ത ഗോളുകളും ഇരുവരും നേടിയിട്ടുണ്ട്.
അതേസമയം സൗദി പ്രോ ലീഗില്‍ ഈ സീസണില്‍ പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ 21 ഗോളുകളും 11 അസിസ്റ്റുകളും ആണ് റോണോ നേടിയിട്ടുള്ളത്.
സൗദി പ്രോ ലീഗില്‍ 17 മത്സരങ്ങളില്‍ നിന്നും 13 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.
സൗദി പ്രോ ലീഗില്‍ ഡിസംബര്‍ 26ന് അല്‍ ഇത്തിഹാനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Reports says Luka Modric intrest to join AL Nassr.