റയല്‍ മാഡ്രിഡ് ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ഇന്റര്‍ മയാമിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണ്‍ അവസാനം വരെ താരത്തിന് സാന്‍ഡിയാഗോ ബെര്‍മാബ്യൂവില്‍ കരാര്‍ ഉണ്ടെങ്കിലും പുതിയ സമ്മര്‍ ട്രാന്‍സ്ഫറുകള്‍ ടീമിലെത്തിയതോടെ തനിക്കുള്ള ഗെയിം ടൈം കുറയുമെന്നുള്ള ആശങ്ക താരം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോഡ്രിച്ച് ലോസ് ബ്ലാങ്കോസിന്റെ പ്രധാന താരം തന്നെയാണെന്ന് ആന്‍സെലോട്ടി പറയുമ്പോഴും സാധാരണയായി കളിക്കുന്നതില്‍ നിന്നും കുറവ് സമയം മാത്രമാണ് താരം കളിക്കുന്നത്.
പ്രമുഖ കായിക മാധ്യമമായ സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലൂക്കാ മോഡ്രിച്ച് ഇന്റര്‍ മയാമിയുമായുള്ള കരാര്‍ നിരസിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്റര്‍ മയാമിയുടെ സഹ ഉടമസ്ഥനും സൂപ്പര്‍ താരമായിരുന്ന ഡേവിഡ് ബെക്കാം ലൂക്കാ മോഡ്രിച്ചുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതായി ഫിച്ചാജെസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഈ ചര്‍ച്ചകള്‍ ബെക്കാം ആഗ്രഹിച്ച രീതിയില്‍ അവസാനിക്കുകയാണെങ്കില്‍ മെസിക്കൊപ്പം 2018ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ലൂക്കാ മോഡ്രിച്ചും ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ പന്ത് തട്ടും.
എന്നാല്‍ വളരെ പെട്ടെന്ന് ഈ നീക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് ലോസ് ബ്ലാങ്കോസിനൊപ്പമുള്ള അവസാന സീസണായിരിക്കുമെന്ന് വിലയിരുത്തലുകള്‍ വരുന്ന സാഹചര്യത്തില്‍ തന്റെ നൂറ് ശതമാനവും റയല്‍ മാഡ്രിഡിന് നല്‍കാന്‍ തന്നെയാണ് മോഡ്രിച്ച് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ലാ ലിഗയില്‍ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ് നിലയുറപ്പിച്ചിരിക്കുന്നത്. ഒമ്പത് പോയിന്റോടെയാണ് ടീം ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഈ മൂന്ന് മത്സരങ്ങളിലും ലൂക്കാ മോഡ്രിച്ചിന് ആദ്യ ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. അത്‌ലറ്റിക് ക്ലബ്ബിനെതിരെയായിരുന്നു സീസണില്‍ റയലിന്റെ ആദ്യ മത്സരം. മത്സരത്തിന്റെ 80ാം മിനിട്ടിലാണ് മോഡ്രിച്ചിനെ ആന്‍സെലോട്ടി കളത്തിലിറക്കിയത്.
സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ പിന്‍വലിച്ചുകൊണ്ടാണ് റയല്‍ മോഡ്രിച്ചിനെ ഇറക്കിയത്. മത്സരത്തില്‍ റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. 28ാം മിനിട്ടില്‍ റോഡ്രിഗോയും 36 മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാമുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.
ആല്‍മിറക്കെതിരായ രണ്ടാം മത്സരത്തിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. 72ാം മിനിട്ടില്‍ റോഡ്രിഗോയെ പിന്‍വലിച്ചാണ് റയല്‍ മോഡ്രിച്ചിനെ കളത്തിലിറക്കിയത്. മത്സരത്തില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ചിരുന്നു.
സെല്‍റ്റ വിഗോക്കെതിരായ മൂന്നാം മത്സരത്തിലാകട്ടെ 63ാം മിനിട്ടിലാണ് മോഡ്രിച്ചിന് കളത്തിലിറങ്ങാന്‍ അവസരം ലഭിക്കുന്നത്.
സെപ്റ്റംബര്‍ രണ്ടിന് ഗറ്റാഫെക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവാണ് വേദി.
Content Highlight: Reports says Luca Modric may sign with Inter Miami