ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം വീണ്ടും സ്വർണം നേടാൻ മെസി ഉണ്ടാവും; റിപ്പോർട്ട്‌
Football
ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം വീണ്ടും സ്വർണം നേടാൻ മെസി ഉണ്ടാവും; റിപ്പോർട്ട്‌
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th January 2024, 4:10 pm

ഈ വര്‍ഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനന്‍ ടീമിനുവേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

അര്‍ജന്റീനന്‍ റേഡിയോ ഔട്ട്‌ലെറ്റായ ഡി സ്‌പോര്‍ട്‌സ് പറയുന്നത് മെസി അര്‍ജന്റീനക്കൊപ്പം ഒളിമ്പിക്‌സില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. മെസിയോടൊപ്പം എയ്ഞ്ചല്‍ ഡി മരിയയും ഒളിമ്പിക്‌സിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ 23 വയസിന് താഴെയുള്ള താരങ്ങള്‍ക്ക് മാത്രമേ കളിക്കാന്‍ സാധിക്കൂ. എന്നാല്‍ ഈ ടീമിനൊപ്പം മൂന്നു സീനിയര്‍ താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ഉണ്ട്. അതുകൊണ്ട് തന്നെ മെസിക്കും ഡി മരിയക്കും വരാനിരിക്കുന്ന ഒളിമ്പിക്‌സില്‍ അര്‍ജന്റീനക്കൊപ്പം പന്തുതട്ടാന്‍ സാധിക്കും.

പാരീസ് ഒളിമ്പിക്‌സ് ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. എന്നാല്‍ ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇതിനുമുമ്പുതന്നെ ആരംഭിക്കും. ജൂലൈ 24 മുതല്‍ 30 വരെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ഫൈനല്‍ ഓഗസ്റ്റ് ഒമ്പതിന് നടക്കും.

അതേസമയം ഇതിനുമുമ്പായി ഈ വര്‍ഷത്തെ കോപ്പ അമേരിക്കയും നടക്കുന്നുണ്ട്. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുക. അതുകൊണ്ടുതന്നെ അര്‍ജന്റീനക്കൊപ്പം വരാനിരിക്കുന്ന രണ്ട് ടൂര്‍ണമെന്റുകളാണ് ഇനി മെസിയുടെ മുന്നിലുള്ളത്.

നേരത്തെ 2008 ല്‍ നടന്ന ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഗോള്‍ഡന്‍ മെഡല്‍ നേടിയ അര്‍ജന്റീനന്‍ ടീമില്‍ മെസി ഉണ്ടായിരുന്നു. നീണ്ട 16 വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു ഗോള്‍ഡന്‍ മെഡല്‍ കൂടി അര്‍ജന്റീനയില്‍ എത്തിക്കാന്‍ ആവും മെസി ലക്ഷ്യമിടുക.

അതേസമയം നിലവിൽ ലയണൽ മെസി ഇന്റർ മയാമിക്കൊപ്പം പ്രീസീസണിലാണ്. അവസാനം നടന്ന സൗഹൃദമത്സരത്തില്‍ എല്‍ സാല്‍വദോറാണ് ഇന്റര്‍ മയാമിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഉറുഗ്വായ്ന്‍ സൂപ്പര്‍ താരം ലൂയി സുവാരസ് ഇന്റര്‍ മയാമിക്കായി ആദ്യ മത്സരം കളിക്കുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ടായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയില്‍ എല്‍ സാല്‍വദോര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.. രണ്ടാം പകുതിയില്‍ മയാമിയും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.

മത്സരത്തില്‍ 10 ഷോട്ടുകളാണ് മയാമിയുടെ പോസ്റ്റിലേക്ക് എല്‍ സാല്‍വദോര്‍ അടിച്ചു കയറ്റിയത്. എന്നാല്‍ മറുഭാഗത്ത് ആറ് ഷോട്ടുകള്‍ മാത്രമാണ് മെസിക്കും കൂട്ടര്‍ക്കും എതിര്‍ പോസ്റ്റിലേക്ക് ഉന്നം വെക്കാന്‍ സാധിച്ചത്.

ക്ലബ്ബ് ഫ്രണ്ട്ലിയില്‍ ജനുവരി 23ന് എഫ്.സി ഡെല്ലാസിനെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം.

Content Highlight: Reports says Lionel Messi is the part Argentina team of 2024 Olympics.