മെസി ബാലണ്‍ ഡി ഓര്‍ നേടിയത് അഴിമതിയിലൂടെ? റിപ്പോര്‍ട്ട്
Football
മെസി ബാലണ്‍ ഡി ഓര്‍ നേടിയത് അഴിമതിയിലൂടെ? റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th January 2024, 8:51 pm

2021ല്‍ ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറിലെ ഏഴാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് മെസിക്ക് ലഭിക്കാനായി പാരീസ് സെയ്ന്റ് ജെര്‍മെന്‍ സംഘാടകരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെസിക്ക് ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നല്‍കാന്‍ പി.എസ്.ജി സംഘാടകരുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലെ മോണ്ടെയിലെ റിപ്പോര്‍ട്ട് പ്രകാരം ഫ്രാന്‍സ് ഫുട്‌ബോളിന്റെ മുന്‍ എഡിറ്ററും ബാലണ്‍ ഡി ഓര്‍ വാര്‍ഡിന്റെ സംഘാടകനുമായ പാസ്‌ക്കല്‍ ഫെറെയെ പാരീസ് സെയ്ന്റ് ജെര്‍മെനിലെ ഉദ്യോഗസ്ഥന്‍ ശ്രമിച്ചു എന്നാണ് പറയുന്നത്. പി.എസ്.ജിയിലെ ഉദ്യോഗസ്ഥന്‍ ഫോറെക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

2021ല്‍ പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയെ മറികടന്നു കൊണ്ടായിരുന്നു മെസി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. 2021ല്‍ ക്ലബ്ബിനും ദേശീയ ടീമിനുമായി 41 ഗോളുകളും 17 അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയത്.

അതേസമയം മെസി ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. തന്റെ ഫുട്‌ബോള്‍ കരിയറില്‍ എട്ടാം തവണയാണ് മെസി നേട്ടം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ആട്ടു ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി കൊണ്ട് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

ലീഗ് വണ്ണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ നേട്ടത്തിലും അര്‍ജന്റീനന്‍ നായകന്‍ പങ്കാളിയായിരുന്നു. ഈ തകര്‍പ്പന്‍ നേട്ടങ്ങളാണ് മെസിയെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തിന് അര്‍ഹനാക്കിയത്.

2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു മെസി ബാലണ്‍ ഡി ഓര്‍ നേടിയത്.

Content Highlight: Reports says Lionel Messi Ballon d’Or award is being accused of corruption.