| Monday, 19th September 2022, 8:20 pm

എല്ലാം ഇനി എംബാപ്പെയുടെ കയ്യില്‍; മെസിയോടും നെയ്മറിനോടും ക്ലബ്ബ് വിടാന്‍ പി.എസ്.ജി ആവശ്യപ്പെടും

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയിലെ അറ്റാക്കിങ് ഡുവോ മെസിയോടും നെയ്മറിനോടും ക്ലബ്ബ് വിടാന്‍ പി.എസ്.ജി ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ കരാര്‍ അനുസരിച്ചാവും താരങ്ങള്‍ക്ക് പി.എസ്.ജിയില്‍ തുടരാന്‍ സാധിക്കുക.

2025 വരെ എംബാപ്പെക്ക് പി.എസ്.ജിയുമായി കരാര്‍ ഉണ്ട്. താരം ഈ കരാര്‍ നീട്ടുകയാണെങ്കില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ മെസി-നെയ്മര്‍ യുഗത്തിന് അന്ത്യമായേക്കുമെന്നാണ് ലെ 10 സ്‌പോര്‍ട്ടിനെ (Le 10 Sport) ഉദ്ദരിച്ച് മീഡിയ ഫൂട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരും പാര്‍ക് ഡെസ് പ്രിന്‍സസില്‍ തന്നെ തുടരുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ എംബാപ്പെ 2025നപ്പുറത്തേക്ക് കരാര്‍ നീട്ടുകയാണെങ്കില്‍ ക്ലബ്ബ് വിടാന്‍ ഇവരോടാവശ്യപ്പെട്ടേക്കും.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ടീമില്‍ എംബാപ്പെയുടെ ഭാവിയെ സംബന്ധിച്ച് വിവിധങ്ങളായ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ജൂണ്‍ 30 വരെയായിരുന്ന എംബാപ്പെക്ക് പി.എസ്.ജിയില്‍ കരാര്‍ ഉണ്ടായിരുന്നത്. എംബാപ്പെ പി.എസ്.ജിയില്‍ തുടരില്ലെന്നും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മുന്‍ മൊണാക്കോ താരം 2025 വരെ കരാര്‍ നീട്ടുകയായിരുന്നു.

നേരത്തെ എംബാപ്പെയുടെ ഈഗോ കാരണം ടീമില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. നെയ്മറിനേക്കാളും മെസിയേക്കാളും മികച്ചവന്‍ താനാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു എംബാപ്പെയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഗ്രൗണ്ടില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ എംബാപ്പെ ഡ്രസ്സിങ് റൂം വരെയെത്തിച്ചെന്നും ഒടുവില്‍ സെര്‍ജിയോ റാമോസിന് ഇടപെടേണ്ടി വന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈഗോ ക്ലാഷസ് ഉണ്ടാകുന്നുണ്ടെങ്കിലും അറ്റാക്കിങ് ട്രയോ എന്ന രീതിയില്‍ മൂവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയപ്പോള്‍ മൂവരും ഓരോ ഗോള്‍ വീതം സ്വന്തമാക്കിയിരുന്നു.

ലീഗ് വണ്ണില്‍ ലിയോണിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പി.എസ്.ജിയുടെ വിജയം. മെസിയായിരുന്നു ഗോള്‍ സ്‌കോറര്‍.

ഒക്ടോബര്‍ രണ്ടിനാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നൈസ് (Nice) ആണ് എതിരാളികള്‍.

Content Highlight: Reports says Lionel Messi and Neymar will be asked to leave PSG

We use cookies to give you the best possible experience. Learn more