| Saturday, 8th October 2022, 11:40 am

ഈ രണ്ട് കാര്യങ്ങളും OK ആണോ, ഞാന്‍ വരാം ബാഴ്‌സലോണയിലേക്ക്; എംബാപ്പെയെ പൊക്കാനൊരുങ്ങി ബാഴ്‌സ

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ താന്‍ ബാഴ്‌സലോണയില്‍ കളിക്കാന്‍ തയ്യാറാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോവാന്‍ ലപോര്‍ട്ടയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. തന്റെ രണ്ട് പ്രധാന നിബന്ധകള്‍ അംഗീകരിക്കാന്‍ ടീം തയ്യാറാണെങ്കില്‍ ബാഴ്‌സയിലേക്കെത്താന്‍ താത്പര്യമുണ്ടെന്നാണ് താരം ബാഴ്‌സ പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നത്.

പ്രമുഖ സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ (El Nacional) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സമ്മറില്‍ റയലും എംബാപ്പെയും തമ്മില്‍ നടന്ന നാടകീയമായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് താരം ബാഴ്‌സയുമായി കരാറിലെത്താന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സമ്മറില്‍ എംബാപ്പെയെ റയലിലേക്കെത്തിക്കാന്‍ ടീം പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റെ ഫ്‌ളോറന്റീനോ പെരസിന്റെ ശ്രമങ്ങള്‍ മുഴുവന്‍ വെള്ളത്തില്‍ വരച്ച വര പോലെ ആവുകയായിരുന്നു. റയലിനോട് മുഖം തിരിച്ച് താരം പി.എസ്.ജിയില്‍ തന്നെ തുടരുകയായിരുന്നു.

എന്നാല്‍ എംബാപ്പെയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു ലോസ് ബ്ലാങ്കോസ് മുന്നോട്ട് പോയത്. ഇനി എംബാപ്പെക്കായി തങ്ങള്‍ ശ്രമിക്കില്ലെന്നും മുന്നേറ്റ നിരയിലേക്ക് സിറ്റിയുടെ നോര്‍നീജിയന്‍ ഇന്റര്‍നാഷണല്‍ എര്‍ലിങ് ഹാലണ്ടിനെ എത്തിക്കാനുമാണ് ഇനി റയലിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ റയലിന്റെ ചിരവൈരികളായ ബാഴ്‌സയുമായി കരാറിലെത്തി റയലിനെ പ്രതിരോധത്തിലാക്കാനാണ് എംബാപ്പെ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റയലിന് കിട്ടുന്ന നേരിട്ടുള്ള പണിയായതിനാലും, അവരുടെ ഡ്രീം സൈനിങ്ങായ എംബാപ്പെയെ തന്നെ ടീമിലെത്തിച്ച് അവരെ ഞെട്ടിക്കാനുമാവും ബാഴ്‌സയും ഒരുങ്ങുന്നത്.

കറ്റാലന്‍മാര്‍ ഇതിനോടകം തന്നെ എംബാപ്പെയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ ബാഴ്‌സയിലെത്താനായി രണ്ട് പ്രധാന നിബന്ധനയാണ് എംബാപ്പെ ക്ലബ്ബിന് മുമ്പില്‍ വെച്ചിരിക്കുന്നത്.

മെസിയുമായി ഡ്രസിങ് റൂം പങ്കിടാന്‍ താത്പര്യമില്ല എന്നതാണ് അതില്‍ ഒന്നാമത്തേത്. മെസിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും ബാഴ്‌സ പിന്‍മാറിയാല്‍ മാത്രമേ താരം കറ്റാലന്‍മാരുടെ പാളയത്തിലെത്തൂ.

പി.എസ്.ജിയിലെ തന്റെ സഹതാരവുമായി അത്ര നല്ല ബന്ധമല്ല എംബാപ്പെക്കുള്ളത്. ഇക്കാരണം കൊണ്ടു തന്നെ താന്‍ ബാഴ്‌സയിലെത്തുമ്പോള്‍ അവിടെ മെസിയുണ്ടാകരുത് എന്നാണ് താരത്തിന്റെ ആവശ്യം.

2023ല്‍ പി.എസ്.ജിയുമായി കരാര്‍ കഴിയുന്ന മെസിയെ തിരികെ ബാഴ്‌സയിലെത്തിക്കാന്‍ ക്ലബ്ബിന് പ്ലാനുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് എംബാപ്പെയുടെ ഈ നിബന്ധന ടീമിന് മുമ്പില്‍ വരുന്നത്.

ടീമില്‍ ഏറ്റവും പ്രതിഫലം തനിക്കായിരിക്കണമെന്നും ബാഴ്‌സയുടെ അണ്‍ ഡിസ്പ്യൂട്ടഡ് സ്റ്റാര്‍ട്ടര്‍ ആവണമെന്നതുമാണ് എംബാപ്പെയുടെ രണ്ടാമത് ഡിമാന്‍ഡ്.

എംബാപ്പെ ബാഴ്‌സയിലെത്തിയാല്‍ ഫുട്‌ബോള്‍ ലോകത്ത് ലെവന്‍ഡോസ്‌കിക്ക് ശേഷം സമീപ കാലത്ത് ഏറ്റവും ഇംപാക്ട് ഉണ്ടാക്കുന്ന സൈനിങ് ആവുമെന്ന കാര്യം ഉറപ്പാണ്.

Content Highlight: Reports says Kylian Mbappe may sign a deal with FC Barcelona

We use cookies to give you the best possible experience. Learn more