| Friday, 19th August 2022, 3:10 pm

നെയ്മറിനോടും മെസിയോടുമുള്ള ചൊരുക്ക് ബാക്കിയുള്ളവരുടെ നെഞ്ചത്ത് തന്നെ തീര്‍ക്കും; ടീമിലെ അര്‍ജന്റൈന്‍ റിപ്പബ്ലിക്കിനെ വെളിയില്‍ കളയാന്‍ പ്രസിഡന്റിനോടാവശ്യപ്പെട്ട് എംബാപെ

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയില്‍ ഏറ്റവും പ്രധാന്യമുള്ള കളിക്കാരന്‍ താനാകണമെന്ന കിലിയന്‍ എംബാപെയുടെ ദുര്‍വാശിക്ക് വീണ്ടും മൂര്‍ച്ചയേറുന്നു. മെസിയോടും നെയ്മറിനോടും തീര്‍ക്കാനാവാത്ത ദേഷ്യം മറ്റ് താരങ്ങളെ പുറത്താക്കിക്കൊണ്ട് പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് എംബാപെ.

പി.എസ്.ജിയില്‍ നിലനില്‍ക്കുന്ന അര്‍ജന്റൈന്‍ റിപ്പബ്ലിക് എന്നറിയപ്പെടുന്ന ഒരുകൂട്ടം അര്‍ജന്റീന താരങ്ങളെ പുറത്താക്കണമെന്നാണ് എംബാപെ ക്ലബ്ബ് പ്രസിഡന്റ് നാസര്‍ അല്‍ ഖെലഫിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എംബാപെയുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ നിരവധി അര്‍ജന്റൈന്‍ താരങ്ങള്‍ ടീമിന് പുറത്താവും. ടീമില്‍ എംബാപെയ്ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് താരം ഇതാവശ്യപ്പെട്ടിരിക്കുന്നത്.

യു.ഒ.എല്‍ ഇസ്‌പോര്‍ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെസി,  മൗറോ ഇക്കാര്‍ഡി ലിയാന്‍ഡ്രോ പരേഡസ് എന്നിവരുടെ കൂട്ടുകെട്ട് പൊളിക്കാനാണ് എംബാപെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കുപുറമെ കെയ്‌ലര്‍ നവാസ്, ആന്‍ഡര്‍ ഹെരേര എന്നിവരും അര്‍ജന്റൈന്‍ റിപ്പബ്ലിക്കിന്റെ ഭാഗമാണെന്നും വരും ദിവസങ്ങളില്‍ ഇവര്‍ക്കും പുറത്തേക്കുള്ള വഴിയൊരുങ്ങുമെന്നും കരുതുന്നുണ്ട്.

ഡി മരിയ യുവന്റസില്‍ ചേര്‍ന്നതിന് പിന്നാലെ പരേഡസും ആ വഴിക്ക് തന്നെ പോകാന്‍ സാധ്യത കാണുന്നുണ്ട്. എന്നാല്‍ ഇക്കാര്‍ഡിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സെവിയ്യയിലേക്കാവും താരത്തിന്റെ പോക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അര്‍ജന്റൈന്‍ താരങ്ങളുടെ ആധിക്യം കാരണം ടീമിന് ഫ്രഞ്ച് ഫീല്‍ നഷ്ടപ്പെടുന്നു എന്നാണ് എംബാപെയുടെ കണ്ടെത്തല്‍.

ഡ്രസ്സിങ് റൂമില്‍ പുതിയ ഒരു ഓര്‍ഡര്‍ കൊണ്ടുവരാനാണ് അര്‍ജന്റൈന്‍ റിപ്പബ്ലിക്കിനെ തകര്‍ത്തുകളയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഫ്രഞ്ച് താരങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ എംബാപെ പുതിയ ഗ്രൂപ്പിന്റെ ലീഡറാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഫ്രഞ്ച് ഡുവോ നോര്‍ഡി മുകേലെയും സ്‌ട്രൈക്കര്‍ ഹ്യൂഗോ എക്ടികെ എന്നിവര്‍ ഈ സമ്മറില്‍ ടീമിനൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്നാണ് സാധ്യത കല്‍പിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ എംബാപെയ്ക്ക് ടീമിലെ സ്വാധീനവും വളരും.

എംബാപെയുടെ ആറ്റിറ്റിയൂഡ് ചെയ്ഞ്ചിന് അദ്ദേഹത്തിന് അമ്മയുടെ ഉപദേശവും ഉണ്ടെന്നാണ് കരുതുന്നത്. മകന്‍ ലോക്കര്‍ റൂമിന്റെ ലീഡറാവണമെന്നും താരങ്ങള്‍ക്ക് മേല്‍ അധികാരമുള്ളവനുമായിരിക്കണമെന്നാണ് അവര്‍ കരുതുന്നത്.

ഇതുതന്നെയാണ് എംബാപെ ഗ്രൗണ്ടില്‍ മെസിയും നെയ്മറുമടക്കമുള്ള ലെജന്‍ഡറി താരങ്ങളോട് കാണിച്ചുകൊണ്ടിരിക്കുന്നത്. മോണ്ട്‌പെല്ലയറിനെതിരെ നടന്ന മത്സത്തില്‍ പെനാല്‍ട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നു.

Content Highlight:  Reports Says Kylian Mbappe asked PSG president to ‘dismantle’ Argentine republic in PSG

We use cookies to give you the best possible experience. Learn more