| Tuesday, 30th July 2024, 7:59 am

ബട്ലറിന്റെ ആഗ്രഹം നടക്കുമോ? സഞ്ജുവിന്റെ രാജസ്ഥാൻ വിടാനൊരുങ്ങി ഇതിഹാസം; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിന്റെ ഏകദിന ക്യാപ്റ്റനായ ജോസ് ബട്‌ലര്‍ സംഗക്കാരയെ പരിശീലകനാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ച മുന്‍ ശ്രീലങ്കന്‍ താരവുമായി ബട്‌ലറിന് അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ആയിരിക്കാം ഇംഗ്ലണ്ട് നായകന്‍ സംഗക്കാരയുടെ പേര് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

2021 ഐ.പി.എല്‍ സീസണിലാണ് സംഗക്കാര രാജസ്ഥാനിന്റെ ക്രിക്കറ്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. രാജസ്ഥാനൊപ്പം മൂന്ന് വര്‍ഷത്തെ ഡയറക്ടറായുള്ള യാത്ര അവസാനിപ്പിച്ചുകൊണ്ട് സങ്കക്കാര ഇംഗ്ലണ്ട് ടീം തെരഞ്ഞെടുക്കുമോ എന്നതും കണ്ടുതന്നെ അറിയണം.

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും ആയിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പേരാണ് രാജസ്ഥാന്റെ പുതിയ പരിശീലകസ്ഥാനത്തേക്കുള്ള പേരായി ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിനുശേഷം ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞിരുന്നു.

അതേസമയം ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനത്തേക്ക് സംഗക്കാരയ്ക്ക് പുറമേ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ മുന്‍ ഇംഗ്ലണ്ട് താരങ്ങളായ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്, ജോനാഥന്‍ ട്രോട്ട് എന്നിവരും ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകന്‍ ആവാനുള്ള മത്സരത്തില്‍ മുന്‍പന്തിയിലുണ്ട്.

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ഇംഗ്ലണ്ട് നടത്തിയിരുന്നത്. ആ ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ആറ് തോല്‍വിയും അടക്കം ആറ് പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട് ഫിനിഷ് ചെയ്തിരുന്നത്.

2024 ടി-20 ലോകകപ്പില്‍ സെമിഫൈനലില്‍ ആയിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു ജോസ് ബട്‌ലറും സംഘവും പുറത്തായത്.

Content Highlight: Reports Says Kumar Sangakara Will Be England Cricket Team Coach

We use cookies to give you the best possible experience. Learn more