സഞ്ജുവിന് തിരിച്ചടി! ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായവന്‍, ജയപരാജയങ്ങളില്‍ ഒപ്പം നിന്നവന്‍ ടീം വിടുന്നു?
Sports News
സഞ്ജുവിന് തിരിച്ചടി! ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായവന്‍, ജയപരാജയങ്ങളില്‍ ഒപ്പം നിന്നവന്‍ ടീം വിടുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 11:46 am

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനമേറ്റെടുക്കുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഒരു കാലത്ത് ടീമിന്റെ നായകനായ രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ പരിശീലകനായെത്തുന്നു, അതും കാലങ്ങളായി ഇന്ത്യക്ക് അന്യമായിരുന്ന ഐ.സി.സി കിരീടം നേടിക്കൊടുത്ത ശേഷം, ഹല്ലാ ബോല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇതില്‍പ്പരം മറ്റെന്ത് വേണം.

സഞ്ജു നായകനും ദ്രാവിഡ് പരിശീലകനും സംഗക്കാര ടീമിന്റെ ഡയറക്ടറുമാകുമ്പോള്‍ ഒരിക്കല്‍ നേടുകയും പിന്നീട് നഷ്ടപ്പെടുത്തുകയും ചെയ്ത കിരീടം വീണ്ടും ജയ്പൂരിന്റെ മണ്ണിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നത്.

എന്നാല്‍ അവരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദ്രാവിഡ് പരിശീലകസ്ഥാനമേറ്റെടുക്കുന്നതോടെ ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാര ടീം വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് തട്ടകം മാറ്റാനാണ് സംഗ ഒരുങ്ങുന്നതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനമേറ്റെടുത്തതോടെ കൊല്‍ക്കത്തയും പരിശീലകനെ തേടുകയാണ്. ഈ സാഹചര്യത്തിലാണ് സംഗ ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് തട്ടകം മാറ്റാന്‍ ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സംഗ ഇതിനോടകം തന്നെ കെ.കെ.ആറുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ഗംഭീറിനൊപ്പം അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരും ടീം വിട്ടതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ വന്‍ അഴിച്ചുപണികള്‍ നടത്തേണ്ടി വരുമെന്നുറപ്പാണ്. നിലവില്‍ പ്രധാന പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് മാത്രമാണ് ടീമിനൊപ്പമുള്ളത്.

 

കൊല്‍ക്കത്ത മെന്ററായി സംഗക്കാരയെ പരിഗണിക്കുന്നുണ്ടെന്നാണ് ടെലിഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് പല ഫ്രാഞ്ചൈസികളില്‍ നിന്നും സംഗക്ക് ഓഫറുകള്‍ വരുന്നുണ്ട്.

2021ലാണ് സംഗക്കാര രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാകുന്നത്. അന്നുതൊട്ട് ടീമിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും സംഗയും രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിന്റെ ഭാഗമായിരുന്നു. 2022ല്‍ ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോഴും 2024ല്‍ പ്ലേ ഓഫ് കളിച്ചപ്പോഴുമെല്ലാം സംഗയുടെ സാന്നിധ്യം ടീമിനൊപ്പമുണ്ടായിരുന്നു.

അതേസമയം, ഗംഭീറിന് പകരം മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും ക്രിക്കറ്റ് ലെജന്‍ഡുമായ ജാക് കാല്ലിസിനെ പരിശീലകസ്ഥാനത്തേക്ക് കൊല്‍ക്കത്ത പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

 

Content Highlight: Reports says Kumar Sangakara set to leave Rajasthan Royals