രാഹുല്‍ ദ്രാവിഡ് യുഗത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ പര്യവസാനമായിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലധികം നീണ്ട ഇന്ത്യയുടെ കിരീടവരള്‍ച്ചക്ക് അന്ത്യമിട്ടാണ് രാഹുല്‍ ദ്രാവിഡ് പരിശീലകന്റെ കുപ്പായത്തിനോട് വിടപറഞ്ഞിരിക്കുന്നത്.
ദ്രാവിഡിന് പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീറിനെയാണ് ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ഗംഭീറിന്റെ കാലയളവില്‍ അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയരാകുന്ന ചാമ്പ്യന്‍സ് ട്രോഫിയടക്കം നാല് ഐ.സി.സി കിരീടങ്ങള്‍ അദ്ദേഹത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായിരിക്കവെയാണ് ഗംഭീര്‍ ഇന്ത്യയുടെ പരിശീലകന്റെ റോളിലെത്തുന്നത്. ഗംഭീറിന്റെ തന്ത്രങ്ങള്‍ കൂടിയാണ് 2014ന് ശേഷം മറ്റൊരു കപ്പുയര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സഹായകരമായിരിക്കുന്നത്.
ഇപ്പോള്‍ ഗംഭീറിന്റെ സ്ഥാനത്തേക്ക് മറ്റൊരാളെയെത്തിക്കാനുള്ള ശ്രമത്തിലാണ് നൈറ്റ് റൈഡേഴ്‌സ്. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും ക്രിക്കറ്റ് ഇതിഹാസവുമായ ജാക് കാല്ലിസിനെയാണ് പര്‍പ്പിള്‍ ആര്‍മി മെന്റര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെന്നാണ് റിപ്പോര്‍ട്ടുകള്‍.
പല പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും ഇതില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് കാല്ലിസിന് തന്നെയാണ് എന്നാണ് ഇന്‍സൈഡര്‍ സ്‌പോര്‍ട് അടക്കമുള്ള കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കെത്തിയ ഗംഭീറിന് വീണ്ടും തിരിച്ചടിയേറ്റിരിക്കുകയാണ്. ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായി ജോണ്ടി റോഡ്‌സിനെ എത്തിക്കാനുള്ള താരത്തിന്റെ ശ്രമത്തോട് അപെക്‌സ് ബോര്‍ഡ് വിമുഖത കാണിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സാധാരണയായി സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തെരഞ്ഞെടുക്കാന്‍ ബി.സി.സി.ഐ പ്രധാന പരിശീലകരെ അനുവദിക്കാറുണ്ട്.
ദ്രാവിഡിനൊപ്പം തന്നെ ബാറ്റിങ് കോച്ചായ വിക്രം റാത്തോറും ബൗളിങ് കോച്ച് പരാസ് മാംബ്രെയും ഫീല്‍ഡിങ് കോച്ചായ ടി. ദിലീപും സ്ഥാനങ്ങളില്‍ നിന്നും പടിയിറങ്ങിയിരുന്നു. ഈ സ്ഥാനത്തേക്കാണ് ഗംഭീര്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിര്‍ദേശിച്ചത്.
സപ്പോര്‍ട്ടിങ് സ്റ്റാഫുകളായി ഇന്ത്യന്‍ പരിശീലകര്‍ മതിയെന്ന നിലപാടാണ് ബി.സി.സി.ഐക്കുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ബാറ്റിങ് കോച്ച്, ഫീല്‍ഡിങ് കോച്ച്, ബൗളിങ് കോച്ച് എന്നീ സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ പരിശീലകരെ തന്നെയാണ് അപെക്സ് ബോര്‍ഡ് നിയമിച്ചിട്ടുള്ളത്.
ഈ പ്രവണത അവസാനിപ്പിക്കാന്‍ ഇന്ത്യ താത്പര്യപ്പെടുന്നില്ല എന്നതിനാല്‍ ജോണ്ടി റോഡ്സിന് പകരം ടി. ദിലീപ് തന്നെ ഫീല്‍ഡിങ് കോച്ചായി തുടര്‍ന്നേക്കും.
Also Read ജയിച്ചാല്‍ ഫൈനല്‍, ഇന്ത്യയിറങ്ങുന്നു; ടീമില്‍ ആരൊക്കെ? എതിരാളികള്‍ ആര്?
Also Read അവസാന ടെസ്റ്റല്ലേ, ഈ റെക്കോഡ് ബാക്കിവെക്കാന്‍ സാധിക്കുമോ? ചരിത്രത്തിലെ ഒന്നാമനും നാലാമനുമായി ജിമ്മി
Content highlight: Reports says Kolkata Knight Riders considering Jacques Kallis to replace Gautam Gambhir as mentor.