ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ പോരാട്ടത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ താരത്തിന് പരിക്ക് മൂലം ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമായിരുന്നു.
ഞായറാഴ്ച്ച കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ വെച്ചാണ് തീപാറുന്ന പോരാട്ടം നടക്കുന്നത്. മത്സരം മഴമൂലം തടസ്സപ്പെടുമോ എന്ന ആശങ്കയും ആരാധകര്‍ക്ക് ഉണ്ട്.
2023 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. ഈ പരിക്കോടെ ബാക്കിയുള്ള മത്സരങ്ങളില്‍ ഒന്നും കളിക്കാന്‍ സാധിക്കാതെ സീസണ്‍ മുഴുവന്‍ താരത്തിന് നഷ്ടമായിരുന്നു. ഇതിനോടകം തന്നെ കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനൊപ്പം പരിശീലനം ചെയ്യുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ബാറ്റിങ്ങില്‍ നാലാം നമ്പറിലേക്കുള്ള ഈ താരത്തിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന് കൂടുതല്‍ കരുത്തുപകരുമെന്നത്തില്‍ യാതൊരു സംശയവുമില്ല.
ആദ്യ മത്സരത്തില്‍ കെ. എല്‍. രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ആയിരുന്നു ടീമില്‍ ഇടം നേടിയത്. കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാനും താരത്തിന് സാധിച്ചിരുന്നു. മത്സരത്തില്‍ 81 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്. കെ. എല്‍. രാഹുലിന്റെ മടങ്ങിവരവ് മൂലം ഇഷാന്‍ കിഷന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
സെപ്റ്റംബര്‍ 10 ന് പാകിസ്ഥാനെതിരെയും 13 ന് ശ്രീലങ്കക്കെതിരെയും 15 ന് ബംഗ്ലാദേശിനിയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
അടുത്ത മാസം സ്വന്തം തട്ടകത്തില്‍ വെച്ചുനടക്കുന്ന ലോകകപ്പിനുള്ള ആദ്യ 15 അംഗടീമിലും രാഹുല്‍ ഇടം പിടിച്ചിട്ടുണ്ട്.
Content highlight: Reports says KL Rahul will be available for super four matches