സൗദി വമ്പന്മാരായ അല്‍ നസര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്‌നെ ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സ്‌കൈ സ്പോര്‍ട് ജേണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ സീസണ്‍ അവസാനം വരെ സിറ്റിക്കൊപ്പം തുടരുമെന്ന് താരം സൗദി ക്ലബ്ബിനെ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാളാണ് ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിലെ ഏറ്റവും കൂടുതല്‍ അസ്സിസ്റ്റ് നേടിയ താരം ഡി ബ്രുയ്ന്‍ ആയിരുന്നു.
ആ സീസണില്‍ 49 മത്സരങ്ങളില്‍ നിന്നും 31 അസിസ്റ്റുകളും 10 ഗോളുകളും ആണ് ഡി ബ്രുയ്‌ന്റെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ഈ സീസണിന്റെ തുടക്കത്തില്‍ പരിക്ക് മൂലം താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം അല്‍ നസറില്‍ ഡി ബ്രുയ്ന്‍ കൂടി എത്തിയാല്‍ ടീം കൂടുതല്‍ കരുത്തുറ്റതായി മാറും എന്നതില്‍ യാതൊരു സംശയവുമില്ല.
2015 മുതല്‍ പെപ് ഗാര്‍ഡിയോളയുടെ ടീമിലെ അംഗമായ ഡി ബ്രുയ്‌ന് 2025 വരെയാണ് സിറ്റിയില്‍ ഉള്ള കരാര്‍. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 358 മത്സരങ്ങളില്‍ നിന്നും 96 ഗോളുകളും 153 അസിസ്റ്റുകളും ഡി ബ്രുയ്ന്‍ നേടിയിട്ടുണ്ട്.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലെത്തുന്നത്. നിലവില്‍ സൗദി ക്ലബ്ബിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.
റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ ഒരു പിടി മികച്ച താരങ്ങള്‍ സൗദിയിലേക്ക് ചേക്കേറിയിരുന്നു. ഈ സീസണില്‍ മാഴ്സെലോ, ബ്രോസോവിച്ച്, സാഡിയോ മാനെ, അയ്മെറിക് ലാപോര്‍ട്ടെ എന്നീ താരങ്ങളും സൗദിയിലേക്ക് കൂടുമാറിയിരുന്നു.
നിലവില്‍ സൗദി ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും 28 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഈ സീസണില്‍ കിരീടനേട്ടത്തിനായി മികച്ച കുതിപ്പാണ് ടീം കാഴ്ചവെക്കുന്നത്.
Content Highlight: Reports says Kevin De Bruyne is being targeted by Al Nassr.