ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നായ സൂപ്പര്‍ കപ്പ് വീണ്ടും ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഐ.എസ്.എല്ലിലെയും ഐ. ലീഗിലെയും മുന്‍നിര ടീമുകളാണ് സൂപ്പര്‍ കപ്പില്‍ കളിക്കുക.
സൂപ്പര്‍ കപ്പിന്റെ പുതിയ സീസണ് കേരളമാണ് വേദിയാകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂപ്പര്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ കേരളം നേരത്തെ തന്നെ തുടങ്ങിയിരുന്നു. മൂന്ന് വേദികളിലായാണ് മത്സരം സംഘടിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടൂര്‍ണമെന്റിന്റെ പ്രധാന വേദിയായി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തെയാണ് പരിഗണിക്കുന്നതെന്നാണ് ദി ബ്രിഡ്ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ മലപ്പുറത്തെ പയ്യനാടാണ് മറ്റൊരു വേദിയെന്നാണ് സൂചനകള്‍.
Tentatively, the Hero Super Cup is scheduled to begin on April 1st, 2023.
മൂന്നാമത്തെ വേദിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനാണ് സാധ്യതയുള്ളത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടീമുകളിലൊന്നായ ഗോകുലം കേരള എഫ്.സിയുടെ ഹോം സ്‌റ്റേഡിയമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം.
ഈ സീസണില്‍ ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റില്‍ കാര്യമായ മാറ്റമുണ്ട്. ഇതിനു മുന്‍പ് ഐ.എസ്.എല്‍, ഐ ലീഗ് എന്നിവയിലെ ആറു ക്ലബ്ബുകള്‍ നേരിട്ട് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു പതിവ്.
എന്നാല്‍ ഇത്തവണ ക്വാളിഫയര്‍ മത്സരങ്ങളും അതിനു ശേഷം നോക്കൗട്ട് ഘട്ടങ്ങളുമായിട്ടാണ് ടൂര്‍ണമെന്റ് നടത്താന്‍ ആലോചിക്കുന്നത്. ഇതിനു മുന്‍പ് രണ്ടു തവണ മാത്രമാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടന്നിരിക്കുന്നത്.
ആദ്യത്തെ എഡിഷനില്‍ ബെംഗളൂരു വിജയം നേടിയപ്പോള്‍ രണ്ടാമത്തെ തവണ എഫ്.സി ഗോവയാണ് കിരീടം ഉയര്‍ത്തിയത്.
എ.എഫ്.സി ടൂര്‍ണമെന്റുകള്‍ക്ക് യോഗ്യത നേടണമെങ്കില്‍ ഒരു ഇന്ത്യന്‍ ക്ലബ്ബ് 27 മത്സരമെങ്കിലും കളിക്കണമെന്ന നിര്‍ബന്ധമുണ്ട്. ഇതാണ് സൂപ്പര്‍ കപ്പ് വീണ്ടും തിരികെ കൊണ്ടുവരാന്‍ കാരണമായത്.
ഇതിനു പുറമെ സൂപ്പര്‍ കപ്പ് വിജയികള്‍ എ.എഫ്.സി കപ്പ് പ്ലേ ഓഫിലും കളിക്കും.
ഐ.എസ്.എല്ലിലെയും ഐ.ലീഗിലെയും ടീമുകള്‍ ഒന്നിച്ചെത്തുന്നത് തന്നെയാണ് മലയാളി ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. കൊച്ചിയുടെ കൊമ്പന്‍മാരും മലബാറിന്റെ രാജാക്കന്‍മാരും പപരസ്പരം കൊമ്പുകോര്‍ക്കുന്ന കേരള ഡെര്‍ബിക്ക് തന്നെയാകും ആരാധകര്‍ കാത്തിരിക്കുന്നത്.
ഇരുടീമിന്റെയും ആരാധകര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും കണക്കിലെടുക്കുമ്പോള്‍ ദി ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഡെര്‍ബി പോലെയോ ലണ്ടര്‍ ഡെര്‍ബി പോലെയോ കേരളത്തിന്റെ സ്വന്തം നാട്ടങ്കം തന്നെയായിരിക്കും സൂപ്പര്‍ കപ്പില്‍ കാണുക.
Content Highlight: Reports says Kerala will host Hero Super Cup