ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ കരീം ബെന്‍സെമയും സൗദി പ്രോ ലീഗില്‍ കളിച്ചേക്കുമെന്നുള്ള റൂമറുകളാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിനെ ഹരം കൊള്ളിക്കുന്നത്. യൂറോപ്പില്‍ നിന്നും സൗദിയിലേക്കുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ഈ കൂടുവിട്ട് കൂടുമാറ്റത്തെ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ ഇത്തിഹാദ് ബെന്‍സെമയെ നോട്ടമിട്ടിട്ടുണ്ടെന്നും 200 മില്യണ്‍ യൂറോയുടെ ഓഫര്‍ താരത്തിന് മുമ്പില്‍ വെച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബെന്‍സെമ ഈ ഓഫര്‍ സ്വീകരിക്കാന്‍ സാധ്യതകളേറെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബെന്‍സെമയുടെ സൗദി പ്രവേശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് താരം സാന്റിയാഗോ ബെന്‍ണാബ്യൂവില്‍ ഒരു വര്‍ഷം കൂടി തുടരാന്‍ തീരുമാനിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പ്രമുഖ കായിക മാധ്യമമായ മാര്‍ക്ക പുറത്തുവിടുന്നത്.
2024 വരെ ബെന്‍സെമ റയലുമായി കരാറില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന ബെന്‍സെമയുടെ മുമ്പില്‍ റയല്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചതായാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, വിഷയത്തില്‍ ബെന്‍സെമയും പ്രതികരിച്ചിരുന്നു. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ലെന്നും ശനിയാഴ്ച റയലില്‍ തനിക്ക് മത്സരമുണ്ടെന്നുമായിരുന്നു ബെന്‍സെമയുടെ പ്രതികരണം.
‘റയല്‍ മാഡ്രിഡ് പോലെ മറ്റൊരു ക്ലബ്ബും ഇല്ല. കായികരംഗത്തെ ഏറ്റവും മികച്ച കളിക്കാര്‍ കളിച്ച സ്ഥലമാണിത്. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ കളിക്കുക എന്നത് എല്ലായ്പ്പോഴും എന്റെ സ്വപ്നമായിരുന്നു. കാരണം അത് ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്. എന്റെ കരിയറില്‍ എനിക്കേറെ അഭിമാനമുണ്ട്.
എന്റെ ഭാവിയെക്കുറിച്ച് റയല്‍ ആരാധകരോട് സംസാരിക്കണമെന്ന് പറയുന്നു. എന്തിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുക? ഞാന്‍ ഇവിടെ മാഡ്രിഡിലാണെങ്കില്‍ എന്തിനാണ് എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത്,’ ബെന്‍സെമ പറഞ്ഞു.
2009ല്‍ ലിയോണില്‍ നിന്നുമാണ് ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ബെന്‍സെമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
റയലിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്നും 353 ഗോളുകളാണ് ബെന്‍സെമ അടിച്ചുകൂട്ടിയത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.
Content highlight: Reports says Karim Benzema is all set to stay in Real Madrid till 2024