ഐ.പി.എല്‍ വില്ലനായി; പന്തിന് പിന്നാലെ മറ്റൊരു താരത്തിനും 2023 ലോകകപ്പ് നഷ്ടപ്പെടാന്‍ സാധ്യത; റിപ്പോര്‍ട്ട്
Sports News
ഐ.പി.എല്‍ വില്ലനായി; പന്തിന് പിന്നാലെ മറ്റൊരു താരത്തിനും 2023 ലോകകപ്പ് നഷ്ടപ്പെടാന്‍ സാധ്യത; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th April 2023, 5:58 pm

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ് ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്ലിനിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ലോകകപ്പിന് മുമ്പ് പൂര്‍ണ ആരോഗ്യവാനായി കളത്തിലെത്താന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ക്രിക്കറ്റ് അഡിക്ടറടക്കം വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. സി.എസ്.കെ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിന്റെ ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്.

വിശദ പരിശോധനകളില്‍ താരത്തിന്റെ വലതുകാല്‍മുട്ടിലെ അന്റീരിയര്‍ ക്രൂഷിയേറ്റ് ലിഗമെന്റിന് പൊട്ടലേറ്റിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന് പിന്നാലെ വില്യംസണ് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമായിരുന്നു. ഇതിന് പിന്നാലെ താരം ന്യൂസിലാന്‍ഡിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

വില്യംസണ് പകരക്കാരനായി ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയെ ഗുജറാത്ത് ടൈറ്റന്‍സ് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് ടൈറ്റന്‍സ് ഷണകയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

 

അതേസമയം, ഒക്ടോബര്‍ അഞ്ചിനാണ് 2023 ഐ.സി.സി ഏകദിന ലോകകപ്പിന് തുടക്കമാകുന്നത്. ഈ സമയത്തിനകം വില്യംസണ് പൂര്‍ണ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തുന്നത്. താരത്തിന്റെ അഭാവം കിവികളെ സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്.

 

Content highlight: Reports says Kane Williamson likely to miss World Cup