സൗദിയില്‍ നിന്നും ടര്‍ക്കിയിലേക്ക്! ഒന്നുമല്ലാത്തവരെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ മുന്‍ റയല്‍ പരിശീലകന്‍ വിളിക്കുന്നു
Sports News
സൗദിയില്‍ നിന്നും ടര്‍ക്കിയിലേക്ക്! ഒന്നുമല്ലാത്തവരെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ മുന്‍ റയല്‍ പരിശീലകന്‍ വിളിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd November 2024, 10:41 pm

ടര്‍ക്കിഷ് ക്ലബ്ബായ ഫെനര്‍ബാഷിലേക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എത്തിക്കാന്‍ ഇതിഹാസ പരിശീലകന്‍ ഹോസെ മൗറീന്യോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

അടുത്ത സീസണില്‍ താരം ടര്‍ക്കിഷ് ക്ലബ്ബിലെത്തിക്കാനാണ് മൗറീന്യോ ശ്രമിക്കുന്നത്. റൊണാള്‍ഡോയുമായി മൗറീന്യോ ഇക്കാര്യം ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

 

ദി സണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘വരുന്ന ഫെബ്രുവരിയില്‍ റൊണാള്‍ഡോക്ക് 40 വയസ് തികയും. രണ്ട് വര്‍ഷത്തേക്ക് കൂടി താരം ഫുട്‌ബോളില്‍ തുടര്‍ന്ന ശേഷം കാല്‍പന്ത് ലോകത്തോട് വിടപറഞ്ഞേക്കും. ഫെനര്‍ബാഷില്‍ താരം കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

അടുത്ത സീസണില്‍ ഫെനര്‍ബാഷിനായി കളത്തിലിറങ്ങാന്‍ മൗറീന്യോ റൊണാള്‍ഡോയെ പ്രേരിപ്പിക്കുന്നുണ്ട്,’ റിപ്പോര്‍ട്ട് പറയുന്നു.

ജൂണോട് കൂടി അല്‍ നസറുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കും. നിലവില്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളൊന്നും ടീമും റൊണാള്‍ഡോയും തന്നെ നടത്തിയിട്ടില്ല.

താരം ടീം വിടാന്‍ ഒരുങ്ങുകയാണെങ്കില്‍ ടര്‍ക്കിഷ് വമ്പന്‍മാര്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കും.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ റോണോയെ ഇതിനോടകം തന്നെ മൗറീന്യോ ബന്ധപ്പെട്ടിട്ടുണ്ട്.

‘നിങ്ങള്‍ സൗദിയില്‍ സന്തുഷ്ടനാണോ? നിങ്ങള്‍ ടീം (അല്‍ നസര്‍) വിട്ടേക്കുമെന്നുള്ള ചര്‍ച്ചകളുണ്ട്. അങ്ങനെ ടീം വിടാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഫെനര്‍ബാഷിലേക്ക് വരുമോ?’ എന്ന് മൗറീന്യോ പോര്‍ച്ചുഗീസ് ഇതിഹാസത്തോട് ചേദിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ നിലവില്‍ ഈ നീക്കം നടക്കാന്‍ സാധ്യതയില്ലെന്നും എന്നാല്‍ ഫെനര്‍ബാഷ് ആരാധകര്‍ പ്രതീക്ഷ കൈവിടുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനമാണ് ഫെനര്‍ബാഷ് കാഴ്ചവെക്കുന്നത്. 11 മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ 26 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഫെനര്‍ബാഷ്.

11 മത്സരത്തില്‍ നിന്നും പത്ത് ജയവുമായി ഗലറ്റാസരെയാണ് ഒന്നാമത്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാല്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനും ഫെനര്‍ബാഷിന് സാധിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന മോഹം കൂടിയാണ് റൊണാള്‍ഡോക്ക് ഉപേക്ഷിക്കേണ്ടി വന്നത്.

എന്നാല്‍ ഫെനര്‍ബാഷിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാം എന്ന ഓപ്ഷന്‍ കൂടി റൊണാള്‍ഡോക്ക് മുമ്പിലെത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാന്‍ പോലും സാധിക്കില്ല.

ഒരുപക്ഷേ റോണോയെ സൈന്‍ ചെയ്താല്‍ 2004ല്‍ പോര്‍ട്ടോ എഫ്.സിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ മൗറീന്യോക്ക് ഫുട്‌ബോള്‍ ലോകത്തെ ഒരിക്കല്‍ക്കൂടി ഞെട്ടിക്കാനും അവസരമൊരുങ്ങിയേക്കും. അല്‍ നസറിനെ പോലെ മറ്റൊരു ക്ലബ്ബും ലോകമെമ്പാടും പ്രശസ്തമാകുമോ എന്നത് കണ്ടുതന്നെ അറിയണം.

 

Content Highlight: Reports says Jose Mourinho contacts Cristiano Ronaldo to sign for Turkish club Fenerbahce