| Thursday, 29th June 2023, 5:53 pm

ബട്‌ലറിന്റെ ക്യാപ്റ്റന്‍സിയും തെറിക്കും, 40 കോടിയുടെ കരാറുമായി റോയല്‍സ്; ഇംഗ്ലണ്ടിന് വേണ്ടി കളിക്കണമെങ്കില്‍ രാജസ്ഥാന്റെ സമ്മതം വാങ്ങേണ്ടി വരും

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിന്റെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ജോസ് ബട്‌ലറിന് മുമ്പില്‍ കോടികളുടെ ഓഫര്‍ വെച്ചുനീട്ടി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് വേണ്ടിയും ബാറ്റേന്താന്‍ നാല് വര്‍ഷത്തേക്ക് 40 കോടി രൂപയുടെ കരാറാണ് മാനേജ്‌മെന്റ് ബട്‌ലറിന് മുമ്പില്‍ വെച്ചിരിക്കുന്നത്.

ടെലിഗ്രാഫിനെ ഉദ്ധരിച്ച് വിവിധ ദേശീയ, കായിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മാനേജ്‌മെന്റിന്റെ ഓഫറിനോട് ബട്‌ലര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരം ഈ ഓഫര്‍ സ്വീകരിക്കാനുള്ള സാധ്യതകളെ കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ഒരുപക്ഷേ ജോസ് ബട്‌ലര്‍ ഈ ഓഫര്‍ സ്വീകിരിക്കുകയാണെങ്കില്‍ താരത്തിന് ഇംഗ്ലണ്ട് നാഷണല്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഉപേക്ഷിക്കേണ്ടി വന്നേക്കും. ഇതിന് പുറമെ നാഷണല്‍ ഡ്യൂട്ടിയില്‍ ബട്‌ലറിന് കളിക്കണമെങ്കില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) അദ്ദേഹം കളിക്കുന്ന ഫ്രാഞ്ചൈസിയുടെ സമ്മതവും വാങ്ങേണ്ടി വരും.

നേരത്തെ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിന് വേണ്ടി മുംബൈ ഇന്ത്യന്‍സും സമാനമായ കോണ്‍ട്രാക്ട് കൊണ്ടുവന്നിരുന്നു.

നിലവില്‍ മൂന്ന് പ്രധാന ക്രിക്കറ്റ് ലീഗുകളിലാണ് മാനേജ്‌മെന്റിന് ടീമുകളുള്ളത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ20യിലെ പാള്‍ റോയല്‍സ്, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സ് എന്നിവയാണ് ടീമുകള്‍.

ഇതില്‍ ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും പാള്‍ റോയല്‍സിന് വേണ്ടിയും കളിക്കുന്നുണ്ട്.

എന്നാല്‍ ഏതെങ്കിലും ഫ്രാഞ്ചൈസി ലീഗുമായോ ടീമുമായോ മള്‍ട്ടി ഇയര്‍ കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടുന്നതില്‍ പോസിറ്റീവായ നിലപാടല്ല ഇ.സി.ബിക്കുള്ളത്. ഇതിനെതിരെ കര്‍ശനമായ കരാറുകളും ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനുണ്ട്. അഥവാ റോയല്‍സ് മുന്നോട്ട് വെച്ച് ഈ ഓഫര്‍ സ്വീകരിക്കാനാണ് ബട്‌ലര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന് കടമ്പകളും ഏറെയായിരിക്കും.

മുമ്പ് അമേരിക്കന്‍ ക്രിക്കറ്റ് ലീഗായ മേജര്‍ ലീഗ് ക്രിക്കറ്റ് കളിക്കുന്നതിനായി സൂപ്പര്‍ താരം ജേസണ്‍ റോയ് ബോര്‍ഡുമായുള്ള ഇന്‍ക്രിമെന്റല്‍ കോണ്‍ട്രാക്ട് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ശേഷമാണ് താരം എം.എല്‍.സിയില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായത്.

ജേസണ്‍ റോയ്‌യുടെ വഴിയിലൂടെ ബട്‌ലറും ഫ്രാഞ്ചൈസി ലീഗിന് പിന്നാലെ പോകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: Reports says Jos Buttler to get multi-year contract from RR

Latest Stories

We use cookies to give you the best possible experience. Learn more