| Wednesday, 22nd March 2023, 5:01 pm

ആറേമുക്കാല്‍ കോടി പോട്ടെ, എനിക്കെന്റെ രാജ്യമാണ് വലുത്; പഞ്ചാബ് കിങ്‌സിന് കിട്ടാന്‍ പോകുന്നത് എട്ടിന്റെയല്ല പതിനാറിന്റെ പണി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 16ാം സീസണ് കൊടിയേറാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റിലെ മറ്റ് ഒമ്പത് ടീമുകളെ പോലെ കപ്പ് ലക്ഷ്യമിട്ടാണ് പഞ്ചാബ് കിങ്‌സ് ഇത്തവണ കളത്തിലിറങ്ങുന്നത്.

ടൂര്‍ണമെന്റ് ആരംഭിച്ച 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിട്ടും ഒറ്റ തവണ പോലും കിരീടം നേടാന്‍ സാധിക്കാത്ത ടീം എന്ന ചീത്തപ്പേര് മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പുതിയ ക്യാപ്റ്റന് കീഴില്‍ പഞ്ചാബ് നടത്തുന്നത്.

എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് കിങ്‌സിന് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെ ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോ ഈ സീസണ്‍ കളിക്കാന്‍ എത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

6 കോടി 75 ലക്ഷം രൂപക്കായിരുന്നു പഞ്ചാബ് തങ്ങളുടെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്ററെ നിലനിര്‍ത്തിയത്. എന്നാല്‍ ഐ.പി.എല്‍ 2023ന് പകരം താരം നാഷണല്‍ ഡ്യൂട്ടി തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ആഷസ് പരമ്പരക്ക് വേണ്ടിയാണ് താരം ഐ.പി.എല്ലിനോട് നോ പറയാന്‍ ഒരുങ്ങുന്നത്.

ബ്രിട്ടീഷ് ഔട്ട്‌ലെറ്റായ ഗാല്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം ബെയര്‍‌സ്റ്റോ ഐ.പി.എല്‍ 16ാം സീസണില്‍ നിന്നും വിട്ടുനിന്നേക്കും.

സെപ്റ്റംബറില്‍ കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത ബെയര്‍‌സ്റ്റോ ഐ.പി.എല്ലിന് സജ്ജനല്ല. യോക്‌ഷെയറിനായി കൗണ്ടിയിലൂടെ തിരിച്ചുവരവ് നടത്താനാണ് ബെയര്‍സ്‌റ്റോ ഉദ്ദേശിക്കുന്നത്.

നേരത്തെ ഗോള്‍ഫ് കളിക്കുന്നതിനിടെയായിരുന്നു ബെയര്‍‌സ്റ്റോക്ക് പരിക്കേറ്റത്. ഇക്കാരണം ഒന്നുകൊണ്ടുതന്നെ താരത്തിന് ടി-20 ലോകകപ്പും നഷ്ടമായിരുന്നു.

അതേസമയം, പഞ്ചാബ് കിങ്‌സ് വീണ്ടും പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാനൊരുങ്ങുകയാണ്. 16ാം സീസണിനൊരുങ്ങുന്ന പഞ്ചാബ് കിങ്‌സിന്റെ 14ാം ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത ശിഖര്‍ ധവാന് കീഴില്‍ പുത്തന്‍ ഉണര്‍വാണ് ടീമിനുള്ളത്.

ഇത്തവണ ഗബ്ബറിന് കീഴില്‍ തങ്ങളുടെ കന്നിക്കിരീടം ഉയര്‍ത്താം എന്ന ലക്ഷ്യമാണ് പഞ്ചാബിനുള്ളത്. ഏപ്രില്‍ ഒന്നിനാണ് കിങ്‌സിന്റെ ആദ്യ മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

ഐ.പി.എല്‍ 2023 പഞ്ചാബ് കിങ്‌സ് സ്‌ക്വാഡ്

അഥര്‍വ തായ്‌ദെ, ഭാനുക രാജപക്‌സെ (വിക്കറ്റ് കീപ്പര്‍), ഹര്‍പ്രീത് സിങ് ഭാട്ടിയ, ഷാരൂഖ് ഖാന്‍, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, മോഹിത് രതീ, രാജ് ബാവ, റിഷി ധവാന്‍, സാം കറന്‍, ശിവം സിങ്, സിക്കന്ദര്‍ റാസ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ബല്‍തേജ് സിങ്, ഹര്‍പ്രീത് ബ്രാര്‍, കഗീസോ റബാദ, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹര്‍, വിദ്വത് കവേരപ്പ.

Content Highlight: Reports says Jonny Bairstow will not play IPL 2023

We use cookies to give you the best possible experience. Learn more