മുന്‍ ബാഴ്‌സലോണ സൂപ്പര്‍ താരം ഹാവിയര്‍ മഷറാനോ ഇന്റര്‍ മയാമിയുടെ പ്രധാന പരിശീലകനായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ സ്‌പെഷ്യലിസ്റ്റ് സീസര്‍ ലൂയീസ് മെര്‍ലോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മയാമിയുടെ പരിശീലകനായ ടാറ്റ മാര്‍ട്ടീനോ പടിയിറങ്ങിയതോടെ മഷറാനോ ഹെറോണ്‍സിന്റെ പരിശീലകസ്ഥാനമേറ്റെടുക്കുമെന്നാണ് മെര്‍ലോയുടെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.
പരിശീലകസ്ഥാനവുമായി ബന്ധപ്പെട്ട കരാറുകളെ കുറിച്ച് മയാമിയും മഷറാനോയും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മയാമിക്കൊപ്പം ദീര്‍ഘകാലത്തേക്കുള്ള കരാറാണിതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മാര്‍ട്ടീനോയുടെ നേതൃത്വത്തില്‍ ലീഗ്‌സ് കപ്പ് കിരീടം സ്വന്തമാക്കിയ മയാമി ലീഡര്‍ ബോര്‍ഡില്‍ ഒന്നാമതെത്തി സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും സ്വന്തമാക്കിയിരുന്നു. പക്ഷേ ടീമിന് എം.എല്‍.എസ് കപ്പ് നേടിക്കൊടുക്കാന്‍ മാര്‍ട്ടീനോക്ക് സാധിച്ചിരുന്നില്ല.
മാര്‍ട്ടീനോ എവിടെ അവസാനിപ്പിച്ചോ അവിടെ നിന്ന് തന്നെ തുടങ്ങാനാകും മഷറാനോയും ഒരുങ്ങുന്നത്.
മെസിക്കൊപ്പം ബാഴ്‌സലോണയില്‍ എട്ട് വര്‍ഷം പന്ത് തട്ടിയ മഷറാനോ അഞ്ച് തവണ ലാലിഗ കിരീടവും നേടിയിട്ടുണ്ട്.
റിവര്‍ പ്ലേറ്റിന്റെ യൂത്ത് അക്കാദമിയില്‍ നിന്നും കളിയടവ് പഠിച്ച മഷറാനോ 2003ല്‍ ടീമിന്റെ പ്ലെയിങ് ഇലവനിലും സ്ഥാനമുറപ്പിച്ചു. 2005-06 സീസണില്‍ കോറിന്തിയന്‍സിനായി പന്തുതട്ടിയ താരം തൊട്ടടുത്ത സീസണില്‍ വെസ്റ്റ് ഹാമിനായി കളിച്ചുകൊണ്ട് യൂറോപ്പിലേക്കും ചുവടുവെച്ചു.
2007 മുതല്‍ 2010 വരെ ലിവര്‍പൂളിനായി ബൂട്ടുകെട്ടിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം 2010ല്‍ ബാഴ്‌സലോണയിലെത്തി. എട്ട് വര്‍ഷക്കാലം ബാഴ്‌സയ്‌ക്കൊപ്പം പന്തുതട്ടിയ മഷറാനോ നിരവധി കിരീടങ്ങളും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.
2019ല്‍ ചൈനീസ് ക്ലബ്ബായ ഹെബെയ് എഫ്.സിക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം എസ്റ്റുഡിയന്റ്‌സ് ഡി ലാ പ്ലാറ്റക്ക് വേണ്ടിയാണ് അവസാനമായി കളത്തിലിറങ്ങിയത്.
2020ലാണ് രണ്ട് പതിറ്റാണ്ടോളം നീണ്ട തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിനോട് മഷറാനോ വിട പറഞ്ഞത്. ശേഷം 2021ല്‍ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിന്റെ മുഖ്യപരിശീലക സ്ഥാനവും അദ്ദേഹം അലങ്കരിച്ചു.
Content Highlight: Reports says Javier Mascherano set to become new Inter Miami head coach