ഒരാള്‍ പരിക്ക് മാറി നല്ല രീതിയില്‍ കളിച്ചു തുടങ്ങിയപ്പോഴേക്കും ദേ അടുത്തത്; എല്ലാ മത്സരവും നഷ്ടമായേക്കും; ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി
Sports News
ഒരാള്‍ പരിക്ക് മാറി നല്ല രീതിയില്‍ കളിച്ചു തുടങ്ങിയപ്പോഴേക്കും ദേ അടുത്തത്; എല്ലാ മത്സരവും നഷ്ടമായേക്കും; ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th February 2023, 1:36 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ തിരക്കുപിടിച്ച് ഒരു തീരുമാനത്തിലെത്തേണ്ടതില്ല എന്ന ബി.സി.സി.ഐയുടെ നിലപാടാണ് ബുംറയുടെ മടങ്ങി വരവിന് തിരിച്ചടിയാകുന്നതെന്നാണ് പ്രമുഖ കായിക മാധ്യമമായ ക്രിക് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ മാത്രമായിരുന്നു ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്ന്, നാല് പരമ്പരയില്‍ ബുംറ ടീമിനൊപ്പം ചേരുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

നേരത്തെ പരിക്കിന്റെ പിടിയിലായ ബുംറ അവസാന രണ്ട് ടെസ്റ്റിന് മുമ്പ് പൂര്‍ണമായും ഫിറ്റ്‌നെസ് മടക്കിയെടുക്കുമെന്നും അതുകൊണ്ടുതന്നെ ഓസീസിനെതിരെ ബൗളിങ്ങില്‍ ഇന്ത്യയുടെ സ്പിയര്‍ ഹെഡ്ഡാകാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ആ കണക്കുകൂട്ടലുകളെല്ലാം തന്നെ അസ്ഥാനത്താകുന്ന കാഴ്ചയാണ് കാണുന്നത്.

ലോകകപ്പ് നടക്കുന്നതിനാല്‍ ബുംറയുടെ കാര്യത്തില്‍ റിസ്‌ക്കെടുക്കാന്‍ സാധിക്കില്ലെന്നും തിരക്കുപിടിച്ച് ഒന്നും ചെയ്യാന്‍ ഇപ്പോള്‍ പ്ലാനില്ലെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഏറെ കാലമായി ടീമിന്റെ ഭാഗമല്ലാതിരുന്ന ബുംറക്ക് ഏഷ്യാ കപ്പും ടി-20 ലോകകപ്പും നഷ്ടമായിരുന്നു. ബാക്ക് ഇന്‍ജുറിയായിരുന്നു താരത്തെ പുറകോട്ട് വലിച്ചത്.

നേരത്തെ നടന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ താരം ടീമിനൊപ്പം മടങ്ങിയെത്തുമെന്ന് കരുതിയിരുന്നെങ്കിലും ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം ടീമില്‍ നിന്നും ഒഴിവാക്കുകയായിയരുന്നു.

മാര്‍ച്ച് 17ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ താരം ടീമിനൊപ്പം മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. മൂന്ന് ഏകദിനമാണ് പരമ്പരയിലുള്ളത്.

അതസമയം, നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കുതിക്കുന്നത്. 69 ഓവറില്‍ 192ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 180 പന്തില്‍ നിന്നും 105 റണ്‍സുമായി രോഹിത് ശര്‍മയും 43 പന്തില്‍ നിന്നും 13 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

 

 

 

Content Highlight: Reports says Jasprit Bumrah will miss Border-Gavaskar Trophy